രക്തം നല്‍കൂ സ്പന്ദനം നിലനിര്‍ത്തൂ: ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുവനന്തപുരം: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി വര്‍ഷംതോറും യാതൊരു പ്രതിഫലവും വാങ്ങാതെ സന്നദ്ധമായി രക്തം ദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കപ്പെടുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്നുള്ളതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

നമ്മുടെ സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തം ആവശ്യമായി വരുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മൂന്നേമുക്കാല്‍ ലക്ഷത്തോളം യൂണിറ്റ് രക്തം ശേഖരിക്കപ്പെടുകയുണ്ടായി. ഇതില്‍ സന്നദ്ധ രക്തദാതാക്കളില്‍ നിന്നും ലഭിച്ചിട്ടുള്ളത് 70 ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കേണ്ടതായുണ്ട്.

18നും 65നും മധ്യേ പ്രായവും കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാലിപ്പോള്‍ ധാരാളം പെണ്‍കുട്ടികള്‍ രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്. ഈ കോവിഡ് കാലത്ത് രക്തദാനത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

51 Views