കോവിഡ് ചികിത്സയ്ക്ക് എട്ടു കേന്ദ്രങ്ങൾകൂടി

460 കിടക്കകൾകൂടി ഒരുക്കാൻ സൗകര്യം

ജില്ലയിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി എട്ടു കേന്ദ്രങ്ങൾകൂടി സജ്ജമാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആറ് ഡൊമിസിലറി കെയർ സെന്ററുകൾ, രണ്ടു സി.എഫ്.എൽ.ടി.സികൾ എന്നിവയാണ് അധികമായി സജ്ജമാക്കുന്നത്. എട്ടു കേന്ദ്രങ്ങളിലുമായി 460 കിടക്കകൾ സജ്ജമാക്കാൻ കഴിയുമെന്നും കളക്ടർ പറഞ്ഞു.

കുന്നത്തുകാൽ പഞ്ചായത്തിലെ പി.പി.എം.എച്ച്.എസ്.എസ്, ബാലരാമപുരം പഞ്ചായത്തിൽ തനിമ സ്‌പെഷ്ൽ എസ്.ജി.എസ്.വൈ. പ്രൊജക്റ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിൽഡിങ്, പള്ളിക്കൽ പഞ്ചായത്തിൽ പകൽക്കുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മാറനല്ലൂർ പഞ്ചായത്തിൽ കണ്ടല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കരകുളം പഞ്ചായത്തിൽ അഴീക്കോട് ക്രസന്റ് ഹൈസ്‌കൂളിന്റെ ഗേൾസ് ഹോസ്റ്റൽ കെട്ടിടം, വെള്ളനാട് പഞ്ചായത്തിൽ സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ മെൻസ് ഹോസ്റ്റൽ കെട്ടിടം എന്നിവയാണ് ഡൊമിസിലറി കെയർ സെന്ററുകളായി ഏറ്റെടുത്തത്.

ആറ്റിങ്ങൽ സി.എ.ഐ ഇംഗ്ലിഷ് മീഡിയം സ്‌കൂളും നേമം വിക്ടറി ഗേൾസ് ഹൈസ്‌കൂളും സി.എഫ്.എൽ.ടി.സികളാക്കാനും ഏറ്റെടുത്തു. നേരത്തേ സി.എഫ്.എൽ.ടിസിയാക്കാൻ നിശ്ചയിച്ചിരുന്ന വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രി സി.എസ്.എൽ.ടി.സി. ആക്കാൻ തീരുമാനിച്ചതായും കളക്ടർ അറിയിച്ചു. ഇവിടെ 300 കിടക്കകൾ സജ്ജമാക്കാൻ സൗകര്യമുണ്ട്.