കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായിരുന്നു ആർ. ബാലകൃഷ്ണപിള്ള (ജനനം: മാർച്ച് 8, 1935 – 03 മേയ് 2021). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്നു. സ്വദേശം കൊല്ലം ജില്ലയിലെ വാളകം. 2021 മേയ് 3 ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

‘പഞ്ചാബ് മോഡൽ പ്രസംഗം’ എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഇടമലയാർ കേസിൽ സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള. എന്നാൽ, ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയിൽ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു. അദ്ദേഹത്തെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ 2017 മേയിൽ കേരളം സർക്കാർ തീരുമാനിച്ചു.