അദാലത്തിലൂടെ പരിഹാരം; ലൈഫ് മിഷനിലൂടെ വീട് ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ മത്സ്യത്തൊഴിലാളി കുടുംബം

വര്‍ഷങ്ങളായി പെണ്‍മക്കളെയും കൊണ്ട് വാടക വീടുകള്‍ മാറി മാറി താമസിക്കേണ്ടി വന്ന ഒരച്ഛന്റെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമാണ് തിരുവനന്തപുരം എസ്. എം. വി സ്‌കൂളില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ സഫലമായത്. മന്ത്രിമാര്‍ നേരിട്ട് പരാതി പരിഹരിച്ച സന്തോഷത്തിലായിരുന്നു വിഴിഞ്ഞം സ്വദേശികളായ 52 വയസ്സുള്ള യേശുദാസ് എന്ന മത്സ്യത്തൊഴിലാളിയും മകള്‍ കാശ്മീരയും കൊച്ചുമകനും.

ലൈഫ് മിഷന്‍ പദ്ധതി വഴി വീട് അനുവദിച്ച് കൊണ്ടുള്ള സന്തോഷം പങ്കുവയ്ക്കുമ്പോഴും കാശ്മീരയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കാരണം, 29 വര്‍ഷത്തിനിടെ 19 വാടക വീടുകളാണ് കുടുംബം മാറി താമസിച്ചത്. ഞങ്ങള്‍ നാല് പെണ്‍മക്കളെ വളര്‍ത്താന്‍ അമ്മയും പപ്പയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ വീടുകള്‍ മാറി മാറി താമസിക്കേണ്ടി വന്നതും വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിന് മുന്‍പ് പല അദാലത്തുകളിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒന്നും ഞങ്ങള്‍ക്ക് അനുകൂലമായില്ല. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന ഞങ്ങളുടെ വീടെന്ന സ്വപ്നമാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ മന്ത്രിമാര്‍ നേരിട്ട് പരിഹരിച്ചതെന്നും കാശ്മീര പറഞ്ഞു.

error: Content is protected !!