ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെ ജൂണ്‍ 18 ലെ ദേശ വ്യാപക പ്രതിഷേധത്തില്‍ കെ ജി എം ഒ എ പങ്കു ചേരുന്നു

ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും വര്‍ദ്ധിച്ച് വരികയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങള്‍ക്ക് മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുള്ള നമ്മുടെ കേരളത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതരല്ല എന്നാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

മാവേലിക്കര ജില്ല ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതുള്‍പ്പടെ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായത്.
ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവില്‍ ഉണ്ടായിട്ടും അക്രമകാരികള്‍ക്കെതിരെ ഈ നിയമമനുസരിച്ച് കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാ പരമായ ശിക്ഷ ലഭ്യമാക്കുന്നതില്‍ നിയമപാലകര്‍ പരാജയപ്പെടുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാവേലിക്കരയില്‍ കണ്ടത്. ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഡോക്ടറെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ തെളിവുകള്‍ സഹിതം, ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് നടന്നില്ല. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിവിശേഷമാണിത്. സമാധാനത്തോടെ രോഗികളെ പരിപാലിക്കാന്‍ സാധിക്കാത്ത ഒരു അന്തരീക്ഷം ഇന്ന് കേരളത്തിലെ ആശുപത്രികളില്‍ നിലനില്‍ക്കുന്നു എന്നത് ഏറെ ഖേദകരമാണ്.

ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കുകയാണ് ഇതിന് ഇനി പരിഹാരമായുള്ളത്. അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടു വരാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കാന്‍ സംവിധാനമുണ്ടാവണം.

ഈ സാഹചര്യത്തില്‍, വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച്, ജൂണ്‍ 18, വെള്ളിയാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ദേശീയതലത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആചരിക്കുന്ന പ്രതിഷേധ ദിനത്തില്‍ പങ്കുചേരുകയാണ്.

1) ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള കേസുകളില്‍ സമയബന്ധിതമായ അന്വേഷണവും വിചാരണയും ഉറപ്പുവരുത്തുന്ന നിയമ ഭേദഗതി കൊണ്ടുവരുക

2) മാവേലിക്കര ജില്ല ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ചതുള്‍പ്പടെയുള്ള ആശുപത്രി അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുക

3) ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക

പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും 9 മണി മുതല്‍ 12 മണി വരെ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് അഞ്ചു പേരുള്ള ബാച്ചായി റിലേ ധര്‍ണ്ണ നടത്തും.

രോഗീപരിചരണം ബാധിക്കാത്ത തരത്തില്‍ നടത്തുന്ന ഈ പ്രതിഷേധം അവഗണിച്ച് മാവേലിക്കര വിഷയത്തില്‍ ഉള്‍പ്പെടെ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ തുടര്‍ പ്രതിഷേധങ്ങളിലേക്ക് ഡോക്ടര്‍മാര്‍ക്ക് പോകേണ്ടി വരും എന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) സംസ്ഥാന പ്രസിഡണ്ട് ഡോ ജി എസ് വിജയകൃഷ്ണന്‍ സെക്രട്ടറി ഡോ ടി എന്‍ സുരേഷ് എന്നിവര്‍ പ്രസ്താവിച്ചു.

52 Views