കോവിഡ് പ്രതിരോധം : ചികിത്സയൊരുക്കാൻ 15 കേന്ദ്രങ്ങൾകൂടി തുറക്കും

കോവിഡ്  രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ 15 കേന്ദ്രങ്ങൾകൂടി പുതുതായി തുറക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേയാണിത്. തദ്ദേശ സ്ഥാപനതലത്തിൽ ഒമ്പത് ഡോമിസിലറി കെയർ സെന്ററുകൾ, മൂന്നു സി.എഫ്.എൽ.ടി.സികൾ, മൂന്നു സി.എസ്.എൽ.ടി.സികൾ എന്നിവയാണു തുറക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
ഡോമിസിലറി കെയർ സെന്ററുകളാക്കുന്ന കെട്ടിടങ്ങൾ ഇവ:
ചിറയിൻകീഴ് പഞ്ചായത്ത് – ഗവ. എൽ.പി.എസ്. പെരുമാതുറ, കുളത്തൂർ പഞ്ചായത്ത് – ഗവ. യു.പി.എസ്. പൊഴിയൂർ, കുറ്റിച്ചൽ പഞ്ചായത്ത് – ഗവ. എൽ.പി.എസ്. പരുത്തിപ്പള്ളി, പെരുങ്കടവിള പഞ്ചായത്ത് – ഗവ. എൽ.പി. സ്‌കൂൾ തത്തിയൂർ, പൂവച്ചൽ പഞ്ചായത്ത് – എസ്.കെ. ഓഡിറ്റോറിയം, പൂവച്ചൽ, വെമ്പായം പഞ്ചായത്ത് – മാതാവീട് ക മ്യൂണിറ്റി ഹാൾ നന്നാട്ടുകാവ്, അണ്ടൂർക്കോണം പഞ്ചായത്ത് – സെന്റ് വിൻസന്റ് സെമിനാരി കാരമൂട്, കരവാരം പഞ്ചായത്ത് – സി.എം.എസ്. ആശുപത്രി.
ഇതിനു പുറേമേ ആനാട് ഗവൺമെന്റ് ആശുപത്രി, ചെങ്കൽ പ്രാഥമികാരോഗ്യ  കേന്ദ്രത്തിന്റെ ഐ.പി. വാർഡ്, പൂജപ്പുര പഞ്ചകർമ ആശുപത്രി എന്നിവ സി.എഫ്.എൽ.ടി.സികൾക്കായും പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആയുർവേദ ആശുപത്രി, വട്ടപ്പാറ എസ്.യു.ടി. ആശുപത്രി എന്നിവ സി.എസ്.എൽ.ടി.സികൾക്കായും ഏറ്റെടുത്തിട്ടുണ്ട്.
ഈ കെട്ടിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ തയാറാക്കാൻ തദ്ദേശസ്ഥാപന  സെക്രട്ടറിമാർക്കു കളക്ടർ നിർദേശം നൽകി. കേന്ദ്രങ്ങളുടെ പ്രവർത്തനം സുഗമമായി നടക്കുന്നതിനുള്ള ജീവനക്കാരെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറേയും ആംബുലൻസ് ലഭ്യതയ്ക്ക് ജില്ലാ ട്രാൻസ്‌പോർട്ടേഷൻ  ടീമിനേയും ചുമതലപ്പെടുത്തി. കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്..