ആരോഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും

തിരുവനന്തപുരം; കൊവിഡ് വ്യാപനം ശക്തമായതിനാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക്  ജോലിക്ക് എത്തുന്നതിന്  വേണ്ടി കെഎസ്ആർടിസി സർവ്വീസുകൾ നടത്തും. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവടങ്ങളിൽ പോകേണ്ട ആരോഗ്യ പ്രർത്തകർക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട,  യൂണിറ്റുകളിൽ നിന്നും ആവശ്യമായ സർവ്വീസ് നടത്തണമെന്ന് സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

ആറ്റിങ്ങൽ ഭാഗത്ത് നിന്നുള്ള ബസുകൾ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി വരേയും, നെയ്യാറ്റിൻകര , നെടുമങ്ങാട്, കാട്ടാക്കട ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകൾ തൈക്കാട് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് വഴി സർവ്വീസുകൾ ക്രമീകരിക്കും.

കേരളത്തിലുടനീളം ഇത്തരത്തിൽ  ആശുപത്രി സർവ്വീസുകൾ  നടത്തും. സംസ്ഥാനത്തെ ഏതൊരുഭാഗത്തേയും  ഏതെങ്കിലും ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും  സർവ്വീസ് ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും സിഎംഡി അറിയിച്ചു. കൺട്രോൾ റൂം നമ്പർ- 0471- 2463799, 9447071021,  8129562972 (വാട്ട്സ് അപ്പ് നമ്പർ)