കൂത്തമ്പലത്തിലെ വിളക്കിലെ വെളിച്ചം എല്ലാവരുടേയുമാകട്ടെ; കലാമണ്ഡലം ജിഷ്ണുപ്രതാപ്

കൂടിയാട്ടം കലാകാരന്മാരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം ശ്രീ ജിഷ്ണു പ്രതാപ് ദേവസ്വം മന്ത്രിക്ക് അയച്ച കത്തിന്റെ പകർപ്പ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചത്.

ബഹുമാനപ്പെട്ട ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻ്റെ ശ്രദ്ധ ആവശ്യപ്പെടുന്ന എഴുത്ത്.
സർ,
അങ്ങ് പ്രബുദ്ധകേരളത്തിൻ്റെ ദേവസ്വംമന്ത്രിയായപ്പോൾ നവോത്ഥാനം അമ്പലപ്പടിവരെ എത്തി എന്നുപറഞ്ഞു ഘോഷിക്കുന്നവരെ കണ്ടുള്ള അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല. എന്തായാലും എത്തിയ പടിക്കപ്പുറമുള്ള ഒരു വലിയ അസമത്വം പരിഹരിക്കാൻ ഇനി അങ്ങേയ്ക്കു കഴിയണം.ഈ എഴുത്തിൻ്റെ ഉദ്ദേശ്യവും അതുമാത്രം. കേവലം ദേവസ്വംമന്ത്രി എന്ന നിലയ്ക്കല്ല ഇത് അങ്ങയോടു പറയുന്നത്. കേരളകലാമണ്ഡലംകൂടി ഉൾപ്പെടുന്ന ഒരു മണ്ഡലത്തെ ദശാബ്ദങ്ങളായി പ്രതിനിധീകരിക്കുന്ന, സാംസ്കാരികമേഖലയെ അടുത്തറിയുന്ന ഒരു ജനപ്രതിനിധി എന്ന നിലയിൽ അങ്ങേയ്ക്കിതെല്ലാം പെട്ടന്ന് മനസ്സിലാവും എന്നതുകൊണ്ടു കൂടിയാണ്.

പൈങ്കുളം രാമച്ചാക്യാരുടെ കാലശേഷം കൂടിയാട്ടത്തിൻ്റെ ഭൗതികപരിസരത്തിൽ യാഥാസ്ഥിതികതയുടെ ബാക്കിയുള്ള ചങ്ങലകൾ വലുതായി പൊട്ടിക്കപ്പെട്ടിട്ടില്ല. അതിലൊന്നാണ് കൂത്ത് – കൂടിയാട്ടം അഭ്യസ്തർക്കെല്ലാം ജാതിഭേദമെന്യെ ഇന്നും നിഷിദ്ധമായ കൂത്തമ്പലപ്രവേശം. പൈങ്കുളം രാമച്ചാക്യാർ അദ്ദേഹത്തിൻ്റെ കുടുംബാടിയന്തിരക്ഷേത്രത്തിൽ അക്കാലത്തുതന്നെ ഇതു സാദ്ധ്യമാക്കിയെങ്കിലും മറ്റുള്ള പ്രൗഢസ്ഥലികളെയൊന്നും നവോത്ഥാനം ഇതുവരെ ആവേശിച്ചിട്ടില്ല. ഇനിയെങ്കിലും അത് സാധ്യമാകേണ്ടതുണ്ട് സർ.

കൂത്തമ്പലത്തിനകത്തേക്ക് കൂടിയാട്ടത്തെ ഇനിയും കൊണ്ടുപോകണോ എന്നു ചോദിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നോരുണ്ടാകും. അത്തരക്കാരെ പിന്നീട് വ്യക്തമാക്കാം. നമുക്ക് അകവും പുറവും വേണം സർ.കാരണമുണ്ട്. പത്തും നാല്പത്തിയൊന്നും ദിവസങ്ങൾ തുടർച്ചയായി കൂത്ത് – കൂടിയാട്ടവതരണങ്ങൾ നടക്കുന്നത് ഈ ക്ഷേത്രങ്ങളിലാണ്- അടിയന്തിരസ്ഥലങ്ങളിലാണ്.സമഗ്രമായി പഠിച്ചതിനെ സമഗ്രമായി അവതരിപ്പിക്കാൻ ഇത്തരം അവതരണങ്ങൾ അവശ്യമാണ്. എന്നാലേ പ്രയോക്താവിന് വ്യുൽപ്പത്തിയും ആവർത്തനംകൊണ്ടുള്ള ക്ഷമതയും ഉണ്ടാകൂ. കലാമണ്ഡലം പോലുള്ള സങ്കേതങ്ങളിൽ ഇതിന് പരിമിതിയുണ്ട്. അവിടെ ആകെ ഒരു ബെൽറ്റേയുള്ളൂ. വയറുള്ളയാളും വയറില്ലാത്തയാളും ആ ഒരെണ്ണം തന്നെ ചുറ്റണം. അനവധി വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിൻ്റെ പരിമിതിയായിത്തന്നെ അതിനെ അംഗീകരിക്കുന്നു. പക്ഷേ അവിടുന്ന് കൂടിയാട്ടം പഠിച്ചിറങ്ങുന്ന അന്യജാതിക്കാർ മേല്പോട്ട് നോക്കി നിൽക്കുകയാണ്. എവിടെ പ്രയോഗിക്കും.പ്രയോഗമുള്ള സ്ഥലങ്ങളിൽ പ്രവേശമില്ലതാനും. ഈ കലാരൂപത്തെയും കലാകാരന്മാരെയും സംരക്ഷിക്കാൻ പൂർവ്വികർ ഉണ്ടാക്കിവെച്ച പദ്ധതിയാണ് ക്ഷേത്രസങ്കേതത്തിലുള്ളത്. ജാതി സംരക്ഷിക്കാൻവേണ്ടിയായിരുന്നു അത് എന്ന് വിശ്വസിക്കുക വയ്യ. ഇന്ന് ഈ കല ജാതിക്കപ്പുറമാണ്. അപ്പോൾ സങ്കേതവും അങ്ങിനെയായി മാറേണ്ടെ?

നിലവിൽ ഇതൊക്കെ നടത്തിപ്പോരുന്ന ജാത്യാവകാശികളെ പുറത്താക്കി മറ്റുള്ളവരെ അകത്താക്കണമെന്നൊന്നുമല്ല പറഞ്ഞുവരുന്നത്. അവർക്കൊപ്പം ഞങ്ങളും ഉണ്ടാവണം. എല്ലാവരുമൊരുമിച്ചു വേണം. അനന്തരാവകാശികളും നടത്താൻ ആളു മില്ലാതെ പല ഇടങ്ങളിലും അവതരണം മുടങ്ങിക്കിടക്കുന്നു. അവിടങ്ങളിൽ പുനരാരംഭിക്കണം. പുതിയവ തുടങ്ങണം. വലിയ സാമ്പത്തികഭാരം എന്നു പറഞ്ഞൊഴിവാക്കരുത്. ചെറുതെങ്കിലും ഭേദപ്പെട്ട പ്രതിഫലം ലഭ്യമാക്കിയാൽ മതി. ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നും കാര്യമായി പഠിക്കാൻ താല്പര്യമില്ലാതെ എനിക്കും വേണം അവസരം എന്നു പറഞ്ഞുവരുന്നവരെ കയറ്റി നാനാവിധമാക്കേണ്ട ആവശ്യമില്ല. അതിനി ഏത് ജാതിയിൽപ്പെട്ടയാളായാലും. കാര്യമായി പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ മൂല്യനിർണ്ണയം നടത്തി യോഗ്യതനിശ്ചയിക്കാനുള്ള ഒരു സംവിധാനം ആചാര്യന്മാരെ ഉൾപ്പെടുത്തി നിർമ്മിച്ചാൽ മതി. ആ പ്രശ്നവും പരിഹരിക്കപ്പെടും.

ഇങ്ങിനെയെന്തെങ്കിലും പദ്ധതിയിട്ടാൽ അതിനൊക്കെ മുടക്കുമായി ഒരു കൂട്ടർ വന്നേക്കും. അവർ വളരെ കൗശലശാലികളാണ് എന്ന് അനുഭവത്തിലറിയാം. ആ ഉപായശാലികൾ കമ്യൂണിസ്റ്റു പാർട്ടിയിൽത്തന്നെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതും. പക്ഷേ, ചിന്തിക്കുന്നതവിടെയായിരിക്കില്ല. ചിന്ത മുഴുവൻ സ്വജനസംരക്ഷണത്തെക്കുറിച്ചായിരിക്കും. കൈ നനയാതെ അവർ മീൻ പിടിക്കും. മീൻ ചാവുകയും ചെയ്യും. പക്ഷേ, ഹിംസയിൽ അവരുടെ ഫിംഗർ പ്രിൻ്റുപോലുമുണ്ടാകില്ല. മറ്റു പാർട്ടിയിൽ അങ്ങിനെയുള്ളവർ ഇല്ലെന്നല്ല. പക്ഷേ അവിടെ അത്തരക്കാർക്ക് ഒരു മുഖമേയുണ്ടാകൂ. കാണുമ്പോൾത്തന്നെ മനസ്സിലാകും അവരുടെ താല്പര്യവും. ഇവിടെയത് ഒട്ടും മനസ്സിലാകില്ല. കുപ്പായം ചുവപ്പായിരിക്കും. ഇനിയും ആ കുപ്പായം മാത്രമിട്ട് അവർ വരും സർ. ഉറപ്പായും വരും. അവരുടെ കെണിയിൽ വീഴാതെ ഈ ആവശ്യം ആർജ്ജവത്തോടെ സാധ്യമാക്കാൻ അങ്ങേക്കെങ്കിലും കഴിയട്ടെ. കൂത്തമ്പലത്തിലെ വിളക്കിലെ വെളിച്ചം എല്ലാവരുടേയുമാകട്ടെ.
പ്രതീക്ഷയോടെ…


കലാമണ്ഡലം ജിഷ്ണുപ്രതാപ്.

NB :ഈ ആവശ്യം പരസ്യമായി ഉന്നയിക്കാൻ എത്ര കൂടിയാട്ടക്കാർ ഒപ്പമുണ്ടാകുമെന്നെനിക്കറിയില്ല. പക്ഷേ, നടപ്പിലായാൽ അരങ്ങിലെത്താൻ ഇച്ഛാശക്തിയോടെ ധാരാളംപേർ ഉണ്ടാകും. സാക്ഷാത്കാരമാണല്ലൊ പ്രധാനം. വെറുതേ പറഞ്ഞതല്ല. കേരളത്തിലെ പ്രധാനപ്പെട്ട കൂത്തമ്പലമായ ഹരിപ്പാട് ക്ഷേത്രക്കൂത്തമ്പലത്തിൽ ഈയുള്ളവൻ മുൻകൈ എടുത്ത് 2016 മുൽ കോവിഡ് തുടങ്ങുന്നതുവരെ 50 മാസങ്ങൾ മുടക്കമില്ലാതെ കൂത്ത് – കൂടിയാട്ടാവതരണങ്ങൾ നടന്നു(കേന്ദ്രസംഗീതനാടക അക്കാദമി സഹായത്തോടെ). ഒരു നങ്ങ്യാർകൂത്ത് ഫെസ്റ്റിവലും പ്രബന്ധക്കൂത്ത് ഫെസ്റ്റിവലും നടന്നു. ഒരുവിധം എല്ലാ കലാകാരന്മാരും കലാകാരികളും അവിടെ വന്ന് പങ്കെടുത്തു. ഭൂരിപക്ഷംപേർക്കും ജീവിതത്തിൽ പ്രവേശം ലഭിച്ച ഏക കൂത്തമ്പലവും ഇതുതന്നെ. ഒരു കുഴപ്പവും ക്ഷേത്രത്തിനൊ ക്ഷേത്രാചാരത്തിനൊ സംഭവിച്ചിട്ടില്ല. ഹരിപ്പാട്ട് കൂടിയാട്ടം കാണാൻ പത്തുപേരുണ്ടായി എന്നതു മെച്ചം.🙏

20 Views