ന്യൂനമർദം: ജില്ലയിൽ മുന്നൊരുക്കം തുടങ്ങി; നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിന് അതിവേഗ നടപടി

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മഴക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. മേയ് 16 വരെ തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നഗരത്തിൽ പെയ്ത ശക്തമായ മഴയ്ക്കു പിന്നാലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായത് ആവർത്തിക്കാതിരിക്കാൻ അതിവേഗ നടപടി സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. 
വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിൽ ഓടകളും കനാലുകളും ജലാശയങ്ങളും മൂന്നു ദിവസത്തിനകം വൃത്തിയാക്കാനുള്ള നിർദേശം ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകിയെന്നു കളക്ടർ പറഞ്ഞു. കുര്യാത്തി സ്‌കൂൾ മുതൽ തെക്കിനിക്കര കനാൽവരെ യമുനാ നഗർ ഉൾപ്പെടുന്ന കുരിയാത്തി തോടിന്റെ 500 മീറ്റർ ഭാഗങ്ങളും കിള്ളിയാറിലേക്കുള്ള 1500 മീറ്റർ ഭാഗവും വൃത്തിയാക്കുന്ന ജോലികൾ 24 മണിക്കൂറിനകം ആരംഭിക്കും. 72 മണിക്കൂറിനുള്ളിൽ ഇതു പൂർത്തിയാക്കാൻ മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർക്കു നിർദേശം നൽകി.
അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡ്, പേരൂർക്കട – മണ്ണാമൂല റോഡ്, ഗാന്ധാരിയമ്മൻ കോവിൽ റോഡ്, അട്ടക്കുളങ്ങര – തിരുവല്ലം റോഡ്, കണ്ണമ്മൂല – മുളവന റോഡ്, മണക്കാട് – പെരുന്നല്ലി റോഡ്, ഇടപ്പഴഞ്ഞി – ജഗതി റോഡ് എന്നിവിടങ്ങളിലെ ഓടകളും ചാലുകളും 72 മണിക്കൂറിനുള്ളിൽ വൃത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർക്കു നിർദേശം നൽകി.
ചാല – അട്ടക്കുളങ്ങര റോഡ്, എസ്.കെ. ടിംബർ – യമുന നഗർ റോഡ്, മണി സ്മാരക റോഡ്, അംഗാൾ അമ്മൻ സ്ട്രീറ്റ്, വിവേകാനന്ദ റോഡ്, ചാല മാർക്കറ്റ്, വലിയശാല വാർഡ്, കരിമഠം കോളനി, ശാസ്തമംഗലം വാർഡ്, ജഗതി, കരമന എന്നിവിടങ്ങളിലെ ഓടകളും ചാലുകളും 72 മണിക്കൂറിനകം വൃത്തിയാക്കുന്നതിനു കോർപ്പറേഷൻ സെക്രട്ടറിക്കു നിർദേശം നൽകി. കരമനയാർ, കിള്ളിയാർ,  തെക്കിനിക്കര കനാൽ, ആമയിഴഞ്ചാൻ തോട്, ഉള്ളൂർ തോട് എന്നിവിടങ്ങളിൽ ക്ലീനിങ്  ജോലികൾ 72 മണിക്കൂറിനകം  പൂർത്തിയാക്കാൻ മേജർ ഇറിഗേഷൻ വിഭാഗത്തിനും കളക്ടർ നിർദേശം നൽകി.
തിരുവനന്തപുരം നഗരപരിധിയിലെ വെള്ളക്കെട്ടു സംബന്ധിച്ചു പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് റോഡ് എക്‌സിക്യൂട്ടിവ് എൻജിനീയർ, തിരുവനന്തപുരം കോർപ്പറേഷൻ എന്നീ വകുപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ തുറക്കണമെന്നും കളക്ടർ നിർദേശിച്ചു.

6 Views