എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു: ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ്
തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്
ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും തൃശൂർ സ്വദേശിയുമായ ഒ കെ സജിത്തിനും , കണ്ണൂർ സ്വദേശിയും വ്യവസായിയുമായ കബീർ അഹമ്മദിനും നൽകും.
വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ സന്നദ്ധ പ്രവർത്തകരായ എസൻസ് ഗ്ലോബൽ പ്രവർത്തകരായ യാസിൻ ഒമർ, അഷ്‌റഫ് അലി എന്നിവർക്ക് ആദരസൂചകമായി കസ്റ്റോഡിയൻ ഓഫ് ഹ്യൂമനിസം അവാർഡും എസൻസ് ഗ്ലോബൽ ഇത്തവണ വിതരണം ചെയ്യും. ദുരന്തഭൂമിയിൽ അക്ഷീണം പ്രവർത്തിച്ചവരെ മാതൃകാപരമായി അഭിനന്ദിക്കാനാണു സംഘടന അവാർഡ് ഏർപ്പെടുത്തിയത്.
അവാർഡ് ജേതാക്കൾക്ക് എസെൻസ് മെഡലിയനും 25000 രൂപയും, പ്രശസ്തിപത്രവുമാണ് നൽകുക. ആർട്ടിക്കിൾ 51 A(h) ന്റെ സന്ദേശം ഉൾകൊണ്ട് കേരള സമൂഹത്തിൽ ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. 2024 ഒക്ടോബർ 12ന് കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കപ്പെടുന്ന എസൻസ് ഗ്ലോബലിന്റെ ശാസ്ത്ര സ്വാതന്ത്രചിന്ത സമ്മേളനം ലിറ്റ്മസ്’24 ൽ അവാർഡുകൾ വിതരണം ചെയ്യും.