വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് പിഎം ശ്രീ; കേന്ദ്രപദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വൈകിവന്ന വിവേകം: രാജീവ് ചന്ദ്രശേഖരന്‍

തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിന് വേണ്ടി മാത്രമല്ല കേരളം പദ്ധതി നടപ്പാക്കുന്നത്. പിഎം ശ്രീയില്‍ എന്താണ് കുഴപ്പമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തന്നെ അതിന് തെളിവാണ്. രണ്ടുലക്ഷം കോടി രൂപ ചിലവിടുന്ന സംസ്ഥാനസര്‍ക്കാര്‍ 1,500 കോടി രൂപയ്ക്ക് വേണ്ടിയല്ല പദ്ധതിയുടെ ഭാഗമായത്. ദേശീയ വിദ്യാഭ്യാസ നയം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രയോജനകരമാണ്. പുതുതലമുറയുടെ ഭാവിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ പദ്ധതിയാണിത്. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് നേട്ടമുണ്ടാകാതിരിക്കാന്‍ ലക്ഷ്യമിട്ട് സിപിഎമ്മും സര്‍ക്കാരും മനപ്പൂര്‍വ്വം പദ്ധതി കേരളത്തില്‍ വൈകിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും തെറ്റു തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറായത് നന്നായെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് കേരളം വിട്ടുപോകുന്നത്. അവര്‍ക്ക് നവീന വിദ്യാഭ്യാസം കേരളത്തില്‍ ലഭിക്കുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പരാജയത്തെപ്പറ്റി ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ യാതൊരു കാവിവല്‍ക്കരണവുമില്ല. ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ഇനിയെങ്കിലും ഇടതു വലതു മുന്നണികള്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പിഎം ശ്രീയില്‍ ഒപ്പുവെച്ചുകഴിഞ്ഞു. നിരവധി വിദ്യാഭ്യാസ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ, രാഷ്ട്രീയം ലവലേശമില്ലാത്ത വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് വഴിവെക്കും.

പിഎം ശ്രീ പദ്ധതിയില്‍ ഔദ്യോഗികമായി കേരള സര്‍ക്കാര്‍ ഒപ്പിട്ടതോടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ നിഷേധിച്ചിരുന്ന വിദ്യാഭ്യാസ ആധുനികവല്‍ക്കരണം ഇനി ലഭിക്കും. രണ്ടുവര്‍ഷം വൈകുകയാണെങ്കിലും സര്‍ക്കാരിന് വിവേകം ഉണ്ടായി. ലോകമെമ്പാടും വിദ്യാഭ്യാസരീതി മാറുമ്പോള്‍ കേരളത്തിനു മാത്രം അതിന് മുഖം തിരിച്ചു നില്‍ക്കാന്‍ കഴിയില്ല. പി എം ശ്രീയിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്ന ആധുനിക വിദ്യാഭ്യാസം നേടിയെടുക്കാനാണ് കേരളം പദ്ധതിയുടെ ഭാഗമായത്. കേരളത്തിലെ സ്‌കൂളുകളുടെ ദയനീയാവസ്ഥ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് അറിയാവുന്നതുകൊണ്ടാണ് ഈ മാറ്റത്തിന് തയ്യാറായത് എന്നതാണ് യാഥാര്‍ത്ഥ്യം. പി എം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. രണ്ടുവര്‍ഷം വൈകിപ്പിച്ചാണെങ്കിലും തീരുമാനം അംഗീകരിച്ച സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ രണ്ടുവര്‍ഷം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതിനുള്ള മറുപടിയും സംസ്ഥാന സര്‍ക്കാര്‍ പറയാന്‍ തയ്യാറാകണം.

ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നു എന്ന ആരോപണം ബാലിശമാണ്. കേന്ദ്രപദ്ധതികളില്‍ ചേരാതെ വര്‍ഷങ്ങളോളം മാറി നിന്ന് ഫണ്ട് നഷ്ടമാക്കുന്നതാണ് കേരളത്തിന്റെ രീതി. കുട്ടികളുടെ ഭാവി പന്താടാനില്ല എന്നതു കൊണ്ടാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടിയത് ഇടതു സര്‍ക്കാരാണ്. അടിസ്ഥാന സൗകര്യ വികസന മുരടിപ്പും ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കമുള്ള പ്രതിസന്ധികളും സൃഷ്ടിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം സംസ്ഥാനം ഉപേക്ഷിച്ചു പുറത്തേക്ക് പോകാനുള്ള വഴിയൊരുക്കിയവരാണ് പിണറായി സര്‍ക്കാരെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

error: Content is protected !!