കർണാടകയുമായി പോരാട്ടത്തിനില്ല; എന്നാൽ ഡൊമെന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല; കെഎസ്ആർടിസി

തിരുവനന്തപുരം; കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ടുമായി നടത്തിയ നിയമനടപടികളില്‍ വിജയം നേടിയ കെഎസ്ആര്‍ടിസി കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്ആര്‍ടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.
കര്‍ണാടക സംസ്ഥാനവുമായി ഇക്കാര്യത്തില്‍ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരിന്റേയും കെഎസ്ആര്‍ടിസിയുടേയും ആവശ്യം. ഈക്കാര്യത്തില്‍ ഒരു സ്പര്‍ദ്ധയ്ക്കും ഇടവരാതെ , സെക്രട്ടറിമാര്‍ തലത്തിലും , ആവശ്യമെങ്കില്‍ മന്ത്രിമാര്‍ തലത്തിലും ചര്‍ച്ച നടത്തും.

എന്നാല്‍ ഈ വിവരം ഔദ്യോഗികമായി കര്‍ണാടകയെ അറിയിക്കും. അതിനേക്കാല്‍ ഉപരി കെഎസ്ആര്‍ടിസിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാര്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനായി സെര്‍ച്ച് ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി എന്ന ഡൊമെന്റെ പേര് കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ബംഗുളുരുവില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കര്‍ണാടകയ്ക്കാണ് ആ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്‌സിന്റെ ഉത്തരവ് വെച്ച് കെഎസ്ആര്‍ടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അതിന് സന്നദ്ധമല്ല എന്ന വിവരം വളരെ നയപരമായി കേരളം കര്‍ണാടകയെ അറിയിക്കും. ഇക്കാലത്ത് ഓണ്‍ലൈനില്‍ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെഎസ്ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാനാകില്ല. അല്ലാതെ ലോഗോയും മറ്റു കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലേക്ക് എത്താല്‍ ശ്രമിക്കും. കര്‍ണാടക കേരളത്തിലേക്കും, കേരളം കര്‍ണാടകയിലേക്കും യാത്രാക്കാര്യത്തില്‍ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാല്‍ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഓണ്‍ലൈന്‍ ഡൊമെന്റെ കാര്യത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.

കെഎസ്ആര്‍ടിസിയെ സംബന്ധിച്ചടുത്തോളം നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കെഎസ്ആര്‍ടിസി എന്ന പേരും, ലോഗോയും, ആനവണ്ടി എന്നതുമുള്‍പ്പെടെ അംഗീകരിച്ച് കിട്ടിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സോണല്‍ ഓഫീസര്‍ ശശിധരന്‍, ഡെപ്യൂട്ടി ലോ ഓഫീസര്‍ പി.എന്‍. ഹേന, നോഡല്‍ ഓഫീസര്‍ സി.ജി പ്രദീപ് കുമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ പരിശ്രമവും ഈ വിജയത്തിന് പിന്നില്‍ ഉണ്ട്. അതിനേക്കാല്‍ ഉപരി ഈ പോരാട്ടത്തിന് തുടക്കം കുറിച്ച യശ്ശരീരനായ മുന്‍ സിഎംഡി ആന്റണി ചാക്കോയോട് കെഎസ്ആര്‍ടിസിയും ജീവനക്കാരും എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായും , അദ്ദേഹത്തിന് ശേഷം ചുമതല വഹിച്ച സിഎംഡിമാര്‍ എല്ലാം തന്നെ ഈ പോരാട്ടത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും നിലവിലെ സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി ഇതിന് വേണ്ടി ശ്രമിച്ച അഭിഭാഷകനായ അഡ്വ. വിസ്സി ജോര്‍ജ്ജിനും സിഎംഡി പ്രത്യേക നന്ദി അറിയിച്ചു.

13 Views