ശബ്ദമലിനീകരണം തുറന്ന് കാട്ടേണ്ടത് അത്യാവശ്യം: ഡോ. ഹര്‍ഷ വര്‍ധന്‍

സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം സംഘടിപ്പിച്ചു

തിരുവനന്തപുരം: ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശം തുറന്നുകാട്ടേണ്ടത് സമൂഹത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. നല്ല ആരോഗ്യത്തിന് നല്ല അന്തരീക്ഷം വേണം. തൊണ്ണൂറുകളില്‍ ഡല്‍ഹി ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ശബ്ദ മലിനീകരണത്തിനെതിരെ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള സുരക്ഷിത ശബ്ദത്തിനായുള്ള മികച്ചവേദിയായി നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിന്റെ സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം മാറുകയാണ്. സുരക്ഷിത ശബ്ദത്തിനായുള്ള ആദ്യ ആഗോള സമ്മേളനത്തില്‍ പങ്കെടുത്തത് വലിയ അനുഭവമായി. അതിപ്പോഴും നല്ലരീതിയില്‍ കൊണ്ടുപോകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. രാജ്യത്തെ വലിയൊരു ആവശ്യമാണ് ഇതിലൂടെ സാധ്യമാകുന്നത്. സുരക്ഷിത ശബ്ദത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ദീര്‍ഘനാള്‍ തുടരേണ്ടതുണ്ട്. ഡോക്ടര്‍മാരും, നിയമ വിദഗ്ധരും, ഭരണ വിദഗ്ധരും ഒന്നിച്ചുള്ള വേദിയാണിത്. അതിനാല്‍ തന്നെ ശബ്ദമലിനീകരണത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ശബ്ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ വളരെ വലുതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശബ്ദ മലിനീകരണം ഏറ്റവുമധികം ബാധിക്കുന്നത് കുഞ്ഞുങ്ങളേയും പ്രായമായവരേയും രോഗികളേയുമാണ്. ഗര്‍ഭിണികളേയും ശബ്ദമലിനീകരണം സാരമായി ബാധിക്കുന്നു. 12 വയസിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത്. നിശ്ചിത ഡെസിബെല്ലില്‍ കൂടുതലുള്ള വലിയ ശബ്ദങ്ങള്‍ മനുഷ്യന്റെ ശാരീരികാവസ്ഥയെപ്പോലും ബാധിക്കാറുണ്ട്. കേള്‍വിക്കുറവും ഭാവിയില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാക്കാം. എല്ലാ ശബ്ദ മലിനീകരണവും നിയമത്തിലൂടെ തടയാന്‍ കഴിയില്ല. അതിനാല്‍ തന്നെ സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്ക്കരണവും ഒരുപോലെ ആവശ്യമാണ്. സാമൂഹിക പ്രതിബദ്ധത ഇതിനാവശ്യമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

അമിത ശബ്ദം മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഒക്കെ ആപത്താണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ശബ്ദം നല്ലതാണ്, അമിത ശബ്ദം ആപത്തും. മാനവരാശിയുടെ പുരോഗതിക്കാവണം ശബ്ദം ഉപയോഗിക്കേണ്ടത്. വലിയ ശബ്ദങ്ങള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ലോകത്തുതന്നെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ശബ്ദ മലിനീകരണത്താല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ശബ്ദ മലിനീകരണം കൊണ്ടുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. സുസ്ഥിര വികസന ലക്ഷ്യത്തിനായി ശബ്ദ മലീനികരണ നിയന്ത്രണം വളരെ അത്യാവശ്യമാണ്. ഇതിനായി സര്‍ക്കാരും വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, നാഷണല്‍ ഇ.എന്‍.ടി. അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധര്‍ പങ്കെടുത്ത് സമഗ്ര ചര്‍ച്ചകള്‍ നടത്തി. ‘ശബ്ദവും ആരോഗ്യവും’ എന്നതായിരുന്നു ഇത്തവണത്തെ വിഷയം. National ENT Association, Association of Otolaryngologists of India, Indian Academy of Otolaryngology, Head & Neck Surgery, International Journal of Noise & Health, Association of Health Care Providers of India, AWAAS, സംസ്ഥാന എന്‍വയര്‍മെന്റ് വകുപ്പ്, കേരള പോലീസ് എന്നിവ സംയുക്തമായാണ് സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം സംഘടിപ്പിച്ചത്.

ഐ.എം.എ. നാഷണല്‍ പ്രസിഡന്റ് ഡോ.രാജന്‍ ശര്‍മ്മ, ഇ.എന്‍.ടി. നാഷണല്‍ പ്രസിഡന്റ് ഡോ. സമീര്‍ ഭാര്‍ഗവ, ഡോ. ശശി തരൂര്‍ എം.പി., മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, പ്രശസ്ത സിനിമാ താരങ്ങളായ ലഫ്. കേണല്‍ മോഹന്‍ലാല്‍, മാധവന്‍, ഷാന്‍, ഡോ. സി. ജോണ്‍ പണിക്കര്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സഖറിയ, സെക്രട്ടറി ഡോ. ഗോപി കുമാര്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. എന്‍. സുല്‍ഫി, ഡോ. ജി.എസ്. വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.