പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ 33 പച്ചത്തുരുത്തുകൾക്കു തൈനട്ടു

ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ 33 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പരിസ്ഥിതി സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കണമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സമൂഹം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയായി. തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും കോര്‍പറേഷന്‍ പ്രാധാന്യം നല്‍കുമെന്ന് മേയര്‍ പറഞ്ഞു. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണു പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നത്.

കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലിം, വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫെലിസിയ ചന്ദ്രശേഖരന്‍, െഹഡ്മിസ്ട്രസ്സ് കുമാരി ലതിക, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, അയ്യങ്കാളി തൊഴിലുറപ്പ് പ്രോജക്ട് ഓഫിസര്‍ ജി.എസ്. അജികുമാര്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ എസ്. അജീഷ്, കോര്‍പറേഷന്‍ ഹെല്‍ത്ത് സെക്രട്ടറിമാരായ പ്രകാശ്, ബിജു,എസ് എം സി ചെയര്‍മാന്‍ എം.സന്തോഷ്, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഴു സെന്റില്‍ 15 ഇനത്തിലുള്ള 113 തൈകളാണു ചാല സ്‌കൂളില്‍ നടുന്നത്. എസ്.പി.സി., എന്‍.എസ്.എസ്., സന്നദ്ധ സംഘടനകള്‍, എസ്.എം.സി., പി.റ്റി.എ. എന്നിവയുടെ നേതൃത്വത്തില്‍ തുടര്‍പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്തും. തിരുവനന്തപുരം കോര്‍പറേഷനു പുറമേ ജില്ലയിലെ 28 ഗ്രാമപഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നത്.

12 Views