ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവനയായി നൽകുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ. കഴിഞ്ഞ വർഷവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമാനമായ തുക ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും ദുരിതാശ്വാസനിധിയിലേക്കു നൽകുമെന്നു പ്രസിഡന്റ് അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര ജില്ലാ ആശുപത്രികളിലെ കോവിഡ് വാർഡുകളിലെ ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. ചികിത്സയുടെ ഭാഗമായി ആവശ്യമായ ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്‌കാനർ എന്നിവ വാങ്ങി നൽകും. ഡോമിസിലറി കെയർ സെന്ററുകളിൽ ആവശ്യമായ പൾസ് ഓക്‌സി മീറ്ററുകൾ വാങ്ങി നൽകും.
ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ പാലിയേറ്റീവ് രോഗികൾക്ക് മൊബൈൽ വാക്‌സിനേഷൻ യൂണിറ്റ് ഉപയോഗിച്ച് വീടുകളിൽ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 ചികിത്സാ സംവിധാനങ്ങളുടെ ഏകോപനത്തിനായി നെടുമങ്ങാട് ആശുപത്രിയുടെ ചുമതലകൾ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നെയ്യാറ്റിൻകര ആശുപത്രിയുടെ ചുമതലകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ഡിവിഷൻ മെമ്പർ എന്നിവർക്കും പേരൂർക്കട ആശുപത്രിയുടെ ചുമതലകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നൽകിയയതായി പ്രസിഡന്റ് അറിയിച്ചു.