ഓക്‌സിജന്‍ ദൗര്‍ലഭ്യവും സര്‍ക്കാര്‍ ഇടപെടലും

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നുള്ള കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇടപെടുന്ന രീതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മതിയായ അറിവ് ഉണ്ടെന്ന് തോന്നുന്നില്ല. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കോവിഡ് War rooms (യുദ്ധ മുറികള്‍) പ്രവൃത്തിക്കുന്നുണ്ട്. ഈ വാര്‍ റൂംസ് സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മാത്രമല്ല സാധാരണക്കാരന് വേണ്ടുന്ന ചികിത്സയും അത്‌പോലെ ആശുപത്രികള്‍ക്ക് വേണ്ടുന്ന പിന്‍ബലവും നല്‍കിവരുന്നുണ്ട്. വളരെ നിശബ്ദമായി എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഈ ‘യുദ്ധ മുറികളെ’ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ബോധവല്‍ക്കരണത്തിന്റെ ആവശ്യമുണ്ട്.
കഴിഞ്ഞ ദിവസം, പട്ടം എസ്യുടി ആശുപത്രിയില്‍ വളരെ അപ്രതീക്ഷിതമായി ഓക്‌സിജന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുകയുണ്ടായി. എട്ടോളം രോഗികള്‍ വെന്റിലേറ്ററിലും അമ്പത്തിയെഴോളം രോഗികള്‍ തീവ്രപരിചരണവിഭാഗത്തിലുമുള്ള ആശുപത്രിക്ക് വാര്‍ റൂമില്‍ നിന്ന് ലഭ്യമായ സമയോചിതമായ സഹായം പൊതുജനങ്ങളുടെ അറിവില്‍ എത്തേണ്ടതുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തരകാര്യ സെക്രട്ടറിയുമായ ശ്രീ ടി. കെ. ജോസ് ഐ എ എസ് ന്റെ ഓഫീസില്‍ നിന്നുള്ള ഒരു ഫോണ്‍കോളില്‍ നിന്നുണ്ടായ അതിതീവ്ര നടപടി ശ്ലാഘനീയമാണ്. വളരെ പെട്ടെന്ന് തന്നെ യുദ്ധ മുറിയില്‍ നിന്ന് എല്ലാവിധ സഹായസഹകരണങ്ങളും ആശുപത്രിയിലേക്ക് പ്രവഹിക്കുകയായിരുന്നു. ആശുപത്രി അധികൃതരോട് തോളോടുതോള്‍ ചേര്‍ന്ന് യുദ്ധ മുറിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി ഒഴിവാക്കിയത് ആശുപത്രി അധികൃതര്‍ വളരെ കൃതജ്ഞതയോടെ സ്മരിക്കുന്നു.
ആഭ്യന്തര വകുപ്പ് സെക്രട്ടറി ശ്രീ ടി. കെ. ജോസിന്റെയും ഡോ. കാര്‍ത്തികേയന്റെയും (വാര്‍ റൂം ഇന്‍ചാര്‍ജ്) ഡോ. അരുണിന്റെയും ഡോ. ദീപുവിന്റെയുമൊക്കെ സമയോചിതവും അടിയന്തരവുമായ ഇടപെടലുകള്‍ രോഗികള്‍ക്കും ആശുപത്രി അധികൃതര്‍ക്കും നല്‍കിയ സമാശ്വാസവും കരുതലും വളരെ വിലപ്പെട്ടതാണ്. ഇതുപോലുള്ള ഇടപെടലുകള്‍ ‘യുദ്ധകാലാടിസ്ഥാനത്തില്‍’ എന്നുള്ള പ്രയോഗത്തെ തന്നെ അന്വര്‍ത്ഥമാക്കുന്നു എന്നാണ് യുദ്ധങ്ങളിലും യുദ്ധസമാനമായ ദുരിതനിവാരണ രംഗങ്ങളിലും നീണ്ടതും സ്തുത്യര്‍ഹവുമായ സേവന പാരമ്പര്യമുള്ള ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി അഭിപ്രായപ്പെട്ടത്.

8 Views