മുതലപ്പൊഴി ഭാഗത്തെ അപകടങ്ങൾക്കു ശാശ്വത പരിഹാരം ഉടൻ: മന്ത്രി സജി ചെറിയാൻ

മുതലപ്പൊഴി, പെരുമാതുറ ഭാഗങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിക്കു ശാശ്വത പരിഹാരമുണ്ടാക്കുമന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി, പെരുമാതുറ ഭാഗങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലപ്പൊഴിയിൽ മണ്ണ് അടിഞ്ഞുകൂടുന്നതുമൂലം അപകടമുണ്ടാകുന്നതിനെക്കുറിച്ചു പരിശോധിക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗവും വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പും സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുതലപ്പൊഴിയിൽ അഞ്ചു മീറ്ററും പെരുമാതുറയിൽ മൂന്നു മീറ്ററും ആഴത്തിൽ മണ്ണു നീക്കംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 15നു ശേഷം ഈ ജോലികൾ ആരംഭിക്കും. 
മുതലപ്പൊഴി പുലിമുട്ടിന്റെ നീളം കൂട്ടുന്നതു സംബന്ധിച്ച പഠന റിപ്പോർട്ട് കിട്ടിയശേഷം ഇതിന്റെ നടപടികളും ആരംഭിക്കും. ജനുവരിയിൽ ഈ പ്രവൃത്തി ആരംഭിക്കാമെന്നാണു കരുതുന്നത്. കാരമ്പിള്ളി ഭാഗത്തെ കടൽഭിത്തി നിർമാണം സംബന്ധിച്ചും ഉടൻ തീരുമാനമെടുക്കുമെന്നു മന്ത്രി പറഞ്ഞു.
മുതലപ്പൊഴി ഹാർബറിൽ എത്തിയ മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരാതികളും കേട്ടു. വി. ശി എം.എൽ.എ, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

36 Views