വോട്ടെണ്ണലിന് ഒരുക്കം പൂർത്തിയായി; കർശന കോവിഡ് ജാഗ്രത

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി. മേയ് രണ്ടിനു രാവിലെ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
ജില്ലയിലെ പത്തു നിയമസഭാ മണ്ഡലങ്ങളുടെ വോട്ടുകൾ നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാകും നടക്കുക. മാർ ഇവാനിയോസ് നഗറിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളും നിയോജക മണ്ഡലങ്ങളും ഇവ;
1) വർക്കല –  സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ സിൽവർ ജൂബിലി ഓഡിറ്റോറിയം2) ആറ്റിങ്ങൽ – സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക്3) ചിറയിൻകീഴ് – മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം4) നെടുമങ്ങാട് – സെന്റ് ജോൺസ് എച്ച്.എസ്.എസ്.5) വാമനപുരം – മാർ ഇവാനിയോസ് കോളജിന്റെ മെയിൻ ബിൽഡിങ്ങിന്റെ മൂന്നാം നില6) അരുവിക്കര – മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ മൂന്നാം നില7) പാറശാല – സർവോദയ സി.ബി.എസ്.ഇ. സ്‌കൂൾ8) കാട്ടാക്കട – മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ്9) കോവളം – മാർ തിയോഫിലസ് ട്രെയിനിങ് കോളജ്10) നെയ്യാറ്റിൻകര – മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ ഗ്രൗണ്ട് ഫ്‌ളോർ 
*മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇവ*
1) കഴക്കൂട്ടം – ലയോള സ്‌കൂൾ, ശ്രീകാര്യം2) വട്ടിയൂർക്കാവ് – സെന്റ് മേരീസ് സ്‌കൂൾ പട്ടം3) തിരുവനന്തപുരം – മണക്കാട് ഗേൾസ് എച്ച്.എസ്.എസ്.4) നേമം – കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ
*മൂന്നു ഹാളുകൾ, 21 ടേബിളുകൾ*
വോട്ടെണ്ണൽ ദിവസം രാവിലെ ആറിന് സ്‌ട്രോങ് റൂമുകൾ തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി മൂന്നു ഹാളുകളിലായാകും ഓരോ മണ്ഡലത്തിന്റെയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ഒരു ഹാളിൽ ഏഴു ടേബിളുകൾ സജ്ജമാക്കും. മൂന്നു ഹാളിലുമായി 21 ടേബിളുകളുണ്ടാകും. ഇത്തരത്തിൽ ഒരു റൗണ്ടിൽ 21 ബൂത്തുകൾ എന്ന നിലയിൽ 15 – 16 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകുമെന്ന് കളക്ടർ പറഞ്ഞു. 
തപാൽ വോട്ടുകൾ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. തിരികെ ലഭിക്കുന്ന തപാൽ വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിക്കും. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിക്കും. തപാൽ വോട്ടുകൾ രണ്ടു റൗണ്ടിൽ പൂർത്തിയാകത്തക്കവിധമാണു ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാൽ വോട്ടുകൾ മുഴുവനും എണ്ണി തീർന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക. 
ഏതൊക്കെ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണണമെന്നത് റിട്ടേണിങ് ഓഫിസർ നറുക്കിട്ടു തീരുമാനിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും ഫല നിർണയത്തിന് ഉപയോഗിക്കുകയെന്നും കളക്ടർ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വിവിപാറ്റ് കൗണ്ടിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. 
*വിജയാഹ്ലാദ പ്രകടനം പാടില്ല*
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇക്കാര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ കക്ഷികളും സംഘടനകളും പൂർണ സഹകരണവും പിന്തുണയും നൽകണമെന്നും കളക്ടർ അഭ്യർഥിച്ചു. 
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്ന മുഴുവൻ ആളുകൾക്കും ആർ.ടി.പി.സി.ആർ, ആന്റിജൻ തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തിയ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ നിർബന്ധമാണ്. കൗണ്ടിങ് ഉദ്യോഗസ്ഥർക്കും കൗണ്ടിങ് ഏജന്റുമാർക്കും സ്ഥാനാർഥികൾക്കും ചീഫ് ഏജന്റുമാർക്കും ഇതു ബാധകമാണ്. ആന്റിജൻ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണലിനു മുൻപും ശേഷവും ഹാളുകൾ അണുനശീകരണം നടത്തും. ഹാളിന്റെ പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിങ് സംവിധാനം , സാനിറ്റൈസർ എന്നിവ ഉണ്ടാകും. കോവിഡ് ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയവയുണ്ടെങ്കിൽ കൗണ്ടിങ് ഹാളിലേക്കു പ്രവേശിപ്പിക്കില്ല. കൗണ്ടിങ് ഏജന്റുമാർക്ക് കോവിഡ് പോസിറ്റിവാകുന്ന സാഹചര്യമുണ്ടായാൽ പകരം മറ്റൊരാളെ ഏജന്റായി വയ്ക്കാൻ സ്ഥാനാർഥിക്ക് അവസരമുണ്ടാകും. സാമൂഹിക അകലം പാലിച്ചാകും വോട്ടെണ്ണൽ ഹാളിൽ സീറ്റുകൾ ക്രമീകരിക്കുന്നത്. ഓരോ ഹാളിലും സജ്ജീകരിക്കുന്ന ടേബിളുകളുടെ മധ്യ ഭാഗത്ത് ഇരിക്കുന്ന ഏജന്റുമാർക്കു പി.പി.ഇ. കിറ്റുകൾ നൽകും. കൗണ്ടിങ് കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ, ഐപാഡ്, ലാപ്‌ടോപ്പ് തുടങ്ങി യാതൊരു ഇലക്ട്രോണിക് ഉപകരണവും പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. 
വോട്ടെണ്ണൽ ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ജില്ലാ കളക്ടർ ഇന്നലെ (29 ഏപ്രിൽ) ചർച്ച നടത്തി. എല്ലാ ക്രമീകരണങ്ങളോടും പൂർണമായി സഹകരിക്കുമെന്ന് കക്ഷിനേതാക്കൾ കളക്ടർക്ക് ഉറപ്പുനൽകി. 
*വോട്ടെണ്ണൽ: കൗണ്ടിങ് ഏജന്റുമാർക്ക് ആന്റിജൻ പരിശോധനയ്ക്ക് 14 കേന്ദ്രങ്ങൾ*
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാർക്ക് കോവിഡ് ആന്റിജൻ പരിശോധനയ്ക്കായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ഓരോ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ വോട്ടെണ്ണൽ ദിവസം ആരെയും കൗണ്ടിങ് ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും കളക്ടർ അറിയിച്ചു.
*വിവിധ മണ്ഡലങ്ങളിലെ ആന്റിജൻ പരിശോധനാ കേന്ദ്രങ്ങൾ*
1) വർക്കല – വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്2) ആറ്റിങ്ങൽ – ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്3) ചിറയിൻകീഴ് – ചിറയിൻകീഴ് താലൂക്ക് ഓഫിസ്4) നെടുമങ്ങാട് – നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്5) വാമനപുരം – ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്6) കഴക്കൂട്ടം – പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്7) വട്ടിയൂർക്കാവ് – പട്ടം സെന്റ് മേരീസ് സ്‌കൂളിലെ മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയം8) തിരുവനന്തപുരം – തൈക്കാട് മോഡൽ സ്‌കൂൾ9) നേമം – പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനീയറിങ് കോളജ്10) അരുവിക്കര – വെള്ളനാട് ഗവൺമെന്റ് എൽ.പി. സ്‌കൂൾ11) പാറശാല – പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്12) കാട്ടാക്കട – കാട്ടാക്കട കുളത്തുമ്മൽ ഗവ. എൽ.പി. സ്‌കൂൾ13) കോവളം – ബാലരാമപുരം എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി ബ്ലോക്ക് ഓഡിറ്റോറിയം14) നെയ്യാറ്റിൻകര – നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം
ഈ കേന്ദ്രങ്ങളിലെ പരിശോധനനയ്ക്കു പുറമേ ഐ.സി.എം.ആർ. അംഗീകരിച്ചിട്ടുള്ള മറ്റു ലാബുകളിലും പരിശോധന നടത്താമെന്നും കളക്ടർ അറിയിച്ചു.
*ജീവനക്കാർക്കു പരിശോധന കളക്ടറേറ്റിലും താലൂക്ക് ഓഫിസിലും*
കോവിഡ് വാക്‌സിനേഷന്റെ ഒന്നാം ഡോസ് സ്വീകരിച്ചവരും രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു കാലാവധിയാകാത്തവരുമായ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന നടത്തേണ്ട മറ്റു ജീവനക്കാർക്കുമായി ഇന്നും നാളെയും (ഏപ്രിൽ 30, മേയ് 01) കളക്ടറേറ്റിലും ജില്ലയിലെ താലൂക്ക് ഓഫിസുകളിലും ആന്റിജൻ പരിശോധന നടത്തും. ജീവനക്കാർ നിർബന്ധമായും പരിശോധന നടത്തി റിസൾട്ട് കൗണ്ടിങ് ഹാളിൽ ഹാജരാക്കണം. 
കോവിഡ് വാക്‌സിനേഷൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അർഹരായിട്ടും സ്വീകരിച്ചിട്ടില്ലാത്തവരും കൗണ്ടിങ് ഡ്യൂട്ടിയിലുള്ളതുമായ ജീവനക്കാർക്ക് ഇന്നു (ഏപ്രിൽ 30) രാവിലെ പത്തു മുതൽ നാലു വരെ ജില്ലയിലെ താലൂക്ക് ഓഫിസുകളിൽ കോവിഷീൽഡ് രണ്ടാം ഡോസും കളക്ടറേറ്റിൽ കോവാക്‌സിൻ രണ്ടാം ഡോസും നൽകുമെന്നും കളക്ടർ അറിയിച്ചു.