പുകവലി നിര്‍ത്താന്‍ ക്വിറ്റ് ലൈന്‍: മന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു

മണിക്കൂറിനുള്ളില്‍ ക്വിറ്റ് ലൈനില്‍ വിളിച്ചത് 34 പേര്‍

തിരുവനന്തപുരം: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയ ക്വിറ്റ് ലൈനിന്റെ (QUIT LINE) ഔദ്യോഗിക ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറിനുള്ളില്‍ തന്നെ 34 പേര്‍ ക്വിറ്റ് ലൈനിന്റെ സേവനം തേടി.

പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാ പേര്‍ക്കും ക്വിറ്റ് ലൈന്‍ സഹായകരമാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ക്വിറ്റ് ലൈനുമായി ബന്ധപ്പെടുന്നവര്‍ക്ക് കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതാണ്. പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ ക്വിറ്റ് ലൈനിലൂടെ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതാണ്. ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും ഇതിലൂടെ ഉറപ്പു വരുത്തുന്നുണ്ട്. ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴി പുകയില നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പുകയിലയുടെ ദൂഷ്യഫലങ്ങള്‍ ഏറെ അനുഭവിച്ച സംസ്ഥാനമാണ് കേരളം. മരണകാരണങ്ങളുടെ പട്ടികയില്‍ പുകയില ജന്യമായ ഹൃദ്രോഗവും, വദനാര്‍ബുദവും ശ്വാസകോശാര്‍ബുദവും മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, സി.ഒ.പി.ഡി, ആസ്മ, ക്ഷയരോഗം എന്നിവ വര്‍ദ്ധിവക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്. ഈ അവസ്ഥക്ക് ഒരു ശാശ്വത പരിഹാരം കാണുന്നതിനാണ് സംസ്ഥാന ആരോഗ്യവകുപ്പ് പരിശ്രമിച്ച് വരുന്നത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വര്‍ധിച്ചുവരികയാണ്. പുകവലി ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതുകൊണ്ടുതന്നെ പുകവലി വലിയ ആപത്താണ്.

പുകയിലയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. പുകയില നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കുന്നതിനും പുകയില ഉത്പന്നങ്ങളുടെ വിപണന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതിനാല്‍ പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പുകയില നിയന്ത്രണ നിയമങ്ങളെക്കുറിച്ചുമുള്ള അവബോധം ഓരോ പഞ്ചായത്ത് അംഗങ്ങള്‍ക്കും നല്‍കുന്നതിന് ‘കില’യുടെ നേതൃത്വത്തില്‍ പരീശിലന പരിപാടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, മാനസികാരോഗ്യ പരിപാടി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍, നാഷണല്‍ ടുബാക്ക കണ്‍ട്രോള്‍ പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. മനു, എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.  

9 Views