മഴക്കെടുതി: ജില്ലയിൽ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ആറു വീടുകൾ പൂർണമായും 113 വീടുകൾ ഭാഗീകമായും തകർന്നു. മഴക്കെടുതിയെത്തുടർന്ന് 60 കുടുംബങ്ങളിലെ 201 പേരെ മാറ്റിപ്പാർപ്പിച്ചു. എട്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ചിറയിൻകീഴ് താലൂക്കിൽ മൂന്നു ക്യാമ്പുകളിലായി 16 കുടുംബങ്ങളിലെ 64 പേരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ 12 വീടുകൾക്കു കേടുപാടുകൾ പറ്റി. തിരുവനന്തപുരം താലൂക്കിൽ 27 കുടുംബങ്ങളിലെ 71 പേരെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 24 വീടുകൾ ഭാഗീകമായും തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ 15 കുടുംബങ്ങളിലെ 53 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 38 വീടുകൾ ഭാഗീകമായി തകർന്നു.

കാട്ടാക്കട താലൂക്കിൽ രണ്ടു കുടുംബങ്ങളിലെ 13 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവിടെ മൂന്നു വീടുകൾ പൂർണമായും 27 വീടുകൾ ഭാഗികമായും തകർന്നു. നെടുമങ്ങാട് താലൂക്കിൽ രണ്ടു വീടുകൾ പൂർണമായും 21 വീടുകൾ ഭാഗീകമായും തകർന്നു. വർക്കല താലൂക്കിൽ 11 വീടുകൾക്കു കേടുപാടുണ്ടായി.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള തീരത്തും അറബിക്കലടിന്റേയും ബംഗാൾ ഉൾക്കടലിന്റേയും തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, മധ്യപടിഞ്ഞാറൻ ഭാഗങ്ങളിലും, തമിഴ്‌നാട്, കന്യാകുമാരി, ആന്ധ്ര തീരങ്ങളിലും ഇന്നു (മേയ് 27) മുതൽ 29 വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്നു രാത്രി (27 മേയ്) 11.30 വരെ പൊഴിയൂർ മുതൽ കാസർകോഡ് വരെയുള്ള തീരത്തും നാളെ (28 മേയ്) രാത്രി 11.30 വരെ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയും മൂന്നു മുതൽ 3.8 മീറ്റർ വരെ ഉയരത്തിള്ള തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

12 Views