കോവിഡ് രോഗികൾക്കു സ്‌പെഷ്യൽ തപാൽ വോട്ട്: പട്ടിക നാളെ മുതൽ

കോവിഡ് രോഗികൾക്കായി പ്രത്യേക സർട്ടിഫൈഡ് ലിസ്റ്റ്

സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്ക് തപാൽ വോട്ട് മാത്രം

പട്ടികയുടെ അടിസ്ഥാനത്തിൽ തപാൽ ബാലറ്റ് വീടുകളിലെത്തിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക ജില്ലയിൽ നാളെ മുതൽ (29 നവംബർ 2020) തയാറാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ കോവിഡ് ബാധിതരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കുമെന്നും കളക്ടർ അറിയിച്ചു.
സ്‌പെഷ്യൽ തപാൽ വോട്ട് നൽകുന്ന പ്രക്രിയയ്ക്കായി കളക്ടറേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് നിയമിക്കുന്ന ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി നൽകുന്ന കോവിഡ് ബാധിതരുടേയും ക്വാറന്റൈനിലുള്ളവരുടേയും പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) കളക്ടറേറ്റിൽനിന്നു ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി റിട്ടേണിങ് ഓഫിസർമാർക്കു നൽകും. അവർ പട്ടിക പരിശോധിച്ച് ഉറപ്പാക്കി ബന്ധപ്പെട്ട സ്‌പെഷ്യൽ പോളിങ് ഓഫിസർക്കു ബാലറ്റ് പേപ്പർ നൽകും.
നവംബർ 29 മുതൽ ഡിസംബർ ഏഴിനു വൈകിട്ടു മൂന്നു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റിവ് ആയിരിക്കുന്നവരുടേയും ക്വാറന്റൈനിലുള്ളവരുടേയും പട്ടികയാകും ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കുക. സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ട വോട്ടർ വോട്ടെടുപ്പു നടക്കുന്ന ഡിസംബർ എട്ടിനു മുൻപ് കോവിഡ് മുക്തനായാലും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. അവർ തപാൽ വോട്ട് തന്നെ ചെയ്യണം. സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ട് ക്വാറന്റൈൻ കാലാവധി വോട്ടെടുപ്പിനു പൂർത്തിയാക്കുന്നവർക്കും ഇതു ബാധകമാണ്.
ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ നാളെ തയാറാക്കി (29 ഡിസംബർ) കളക്ടർക്കു നൽകും. തുടർന്ന് ഡിസംബർ ഏഴിനു വൈകിട്ടു മൂന്നു വരെയുള്ള ദിവസങ്ങളിലും ഓരോ ദിവസത്തെയും സർട്ടിഫൈഡ് ലിസ്റ്റ് ഡിസംബർ ഏഴിനു വൈകിട്ടു മൂന്നു വരെയുള്ള ദിവസങ്ങളിലും കൈമാറും. സ്‌പെഷ്യൽ പോളിങ് ഓഫിസർ, സ്‌പെഷ്യൽ പോളിങ് അസിസ്റ്റന്റ്, ഒരു സിവിൽ പൊലീസ് ഓഫിസർ എന്നിവരടങ്ങുന്ന ടീമാണ് ബാലറ്റ് പേപ്പറുകൾ വോട്ടർക്കു നൽകുന്നത്. വോട്ടർ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി സീൽ ചെയ്ത കവറിൽ സ്‌പെഷ്യൽ പോളിങ് ഓഫിസറുടെ കൈവശം കൊടുക്കുകയോ തപാലിൽ റിട്ടേണിങ് ഓഫിസർക്ക് നേരിട്ട് അയക്കുകയോ ചെയ്യാം. 
തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതടക്കമുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണു സർട്ടിഫൈഡ് ലിസ്റ്റിലുള്ള വോട്ടർക്കു തപാൽ ബാലറ്റ് നൽകുന്നത്. സ്‌പെഷ്യൽ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തേണ്ട വിധം വോട്ടർക്ക് പോളിങ് ഓഫിസർ വിശദീകരിക്കും. സ്‌പെഷ്യൽ ബാലറ്റ് പേപ്പർ പോളിങ് ഓഫിസറുടെ പക്കൽ തന്നെ നൽകുകയാണെങ്കിൽ അതു കൈപ്പറ്റിയ അക്‌നോളജ്‌മെന്റ് വോട്ടർക്കു നൽകുകയും രജിസ്റ്ററിൽ ഒപ്പുവയ്ക്കുകയും ചെയ്യും. സ്‌പെഷ്യൽ വോട്ടർ രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ തിരികെ നൽകുന്നില്ലെങ്കിൽ അക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തി വോട്ടറുടെ ഒപ്പു വാങ്ങും. 
തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ളവരും നിലവിൽ കോവിഡ് ബാധിച്ചോ ക്വാറന്റൈനിലായോ ജില്ലയിൽ കഴിയുന്നവരുമായ വോട്ടർമാരുടെ സർട്ടിഫൈഡ് ലിസ്റ്റും തിരുവനന്തപുരത്താകും തയാറാക്കുക. ഇത് ബന്ധപ്പെട്ട ജില്ലകളിലെ ജില്ലാ ഇലക്ഷൻ ഓഫിസർമാർക്ക് അയച്ചുകൊടുക്കുമെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവരും പങ്കെടുത്തു.