കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രത

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിൽ സാമൂഹി അകലം, മാസ്‌ക്, സാനറ്റൈസർ ഉൾപ്പടെയുള്ള കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പ്രദേശത്ത് പൊതു ചടങ്ങുകൾ, ഒത്തുകൂടലുകൾ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, കുടുംബ കൂടിച്ചേരലുകൾ തുടങ്ങിയവ നടത്തുന്നതിനു മുൻപ് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ വിവരം അറിയിക്കണം.

കണ്ടെയിൻമെന്റ് സോണുകളിലെ മാളുകൾ, കടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മുതലായ സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട എസ്.എച്ച്.ഒമാർ ഉറപ്പുവരുത്തണം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ രാത്രി ഒൻപതിനു ശേഷം പ്രവർത്തിക്കാൻ പാടില്ല. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ 50% സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കൂ. ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കുന്നുണ്ടെന്ന് തിരുവനന്തപുരം, നെടുമങ്ങാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ ചേർന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.