കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ശക്തമായ സംവിധാനം

ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.

ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ കോവിഡ് നിയന്ത്രണ സംവിധാനങ്ങൾ ജില്ലയിൽ ഏകോപിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മേൽനോട്ട ചുമതല തിരുവനന്തപുരം, നെടുമങ്ങാട് സബ് കളക്ടർമാർക്കു നൽകി. തദ്ദേശ സ്ഥാപനതലത്തിൽ സജ്ജീകരിക്കുന്ന ഡി.സി.സികൾ(ഡോമിസെൽ കെയർ സെന്ററുകൾ), സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ, കോവിഡ് ആശുപത്രികൾ എന്നിവയുടെ മേൽനോട്ട ചുമതല ജില്ലാ വികസന കമ്മിഷണർക്കായിരിക്കും.

കോവിഡ് പരിശോധന, സമ്പർക്ക പട്ടിക തയാറാക്കൽ, ക്വാറന്റൈൻ, പേഷ്യന്റ് മാനേജ്‌മെന്റ്, വാക്‌സിനേഷൻ തുടങ്ങിയവ ജില്ലാ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിൽ ഊർജിതമാക്കും. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പുകളുമായുള്ള ഏകോപനവും മറ്റു നടപടികളും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നിർവഹിക്കും.