കോൺഗ്രസ് പാർട്ടിയോടും പ്രവർത്തകരോടും സുഹൃത്തുക്കളോടും ജനങ്ങളോടും നന്ദിയുണ്ട്; ഡോ: എസ്.എസ്. ലാൽ

കോൺഗ്രസ് പാർട്ടിയോടും പ്രവർത്തകരോടും സുഹൃത്തുക്കളോടും ജനങ്ങളോടും നന്ദിയുണ്ട്

കഴക്കൂട്ടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഞാൻ പരാജയപ്പെടുകയാണ്.

മുൻപ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതുപോലെ രാഷ്ടീയ പ്രവർത്തനത്തിനാണ് നാട്ടിൽ തിരികെ വന്നത്. രാഷ്ട്രീയത്തിന്റെ ഒരു വശം മാത്രമാണ് തെരഞ്ഞെടുപ്പ് മത്സരം. ആ മത്സരത്തിലാണ് എന്റെ പരാജയം. നിയമസഭയിലേയ്ക്ക് ഏറ്റവും നല്ല സ്ഥാനാർത്ഥി ഞാനായിരുന്നില്ല എന്ന ഭൂരിപക്ഷം വോട്ടർമാരുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. ജയിക്കുന്ന സ്ഥാനാർത്ഥിക്ക് അഭിനന്ദനങ്ങൾ.

വലിയൊരു പാർട്ടിയായ കോൺഗ്രസ് എനിക്ക് സധൈര്യം സീറ്റ് നൽകിയിരുന്നു. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ അവരെക്കൊണ്ട് കഴിയുന്നത്ര പ്രവർത്തനങ്ങൾ നടത്തി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും പരമാവധി സഹായിച്ചു. ഞാനും എന്റെ പരമാവധി ശ്രമിച്ചു. ഈ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്.

ഇന്നലെ എഴുതിയതുപോലെ തുടർന്നും ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തനത്തിന് സ്ഥാനമാനങ്ങളും അധികാരവും ആവശ്യമില്ലെന്ന തിരിച്ചറിവ് പണ്ടേ എനിക്കുണ്ട്. മെഡിക്കൽ സയൻസാണ് ഞാൻ പഠിച്ചത്. പൊതുജനാരോഗ്യമാണ് എന്റെ പ്രധാന പ്രവർത്തന മേഖല. ജനങ്ങളുടെ ആരോഗ്യം എന്റെ രാഷ്ട്രീയമാണ്. അതിനാൽ ആ രംഗത്ത് സജീവമായി തുടരും. സർക്കാരുകൾക്ക് തെറ്റുകൾ പറ്റിയാൽ തുടർന്നും ചൂണ്ടിക്കാട്ടും. എതിർക്കും.

എന്നെ ഒരുപാട് സഹായിച്ച കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിഷമം ഞാൻ തിരിച്ചറിയുന്നു. എനിക്കായി ഉറക്കമില്ലാതെ പ്രവർത്തിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്. പല രാജ്യങ്ങളിലും നാടുകളിലും ജീവിക്കുന്നവർ. ചിറയിൻകീഴിലെയും ചിതറയിലെയും ബന്ധുക്കളുണ്ട്. എനിക്കുവേണ്ടി എന്റെയൊപ്പം അക്ഷീണം പ്രവർത്തിച്ച ഒരു യുവ ടീമുണ്ട്. ലോകാരോഗ്യ സംഘടന കാലം മുതൽ ഒപ്പമുളള ഡ്രൈവർ രാമുവുണ്ട്. നിങ്ങളുടെയൊക്കെ നിരാശ ഞാൻ അറിയുന്നുണ്ട്. നിങ്ങളുടെ ആഗ്രഹം നിറവേറ്റിത്തരാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു.

എന്റെ രാഷ്ട്രീയ പുനപ്രവേശം കാരണം ഏറ്റവും ആശയക്കുഴപ്പത്തിലായത് എന്റെ കുടുംബമാണ്. എല്ലാത്തരത്തിലും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് സന്ധ്യയും മക്കളുമാണ്. നിശബ്ദരായി. അവർക്ക് പരാതികളില്ല. ഇടയ്ക്കിടെ എന്നെ വിളിക്കുന്നുണ്ട്. വിഷമമുണ്ടോ എന്നറിയാൻ.

ഞാൻ ശാന്തനാണ്. ഒരു കാര്യത്തിൽ ഞാൻ നൂറ് ശതമാനം സംതൃപ്തനുമാണ്. എനിക്ക് പരാജയമുണ്ടാകുമ്പോഴും ജനാധിപത്യ പ്രകിയയുടെ വിജയം കാണുമ്പോൾ.

ഡോ: എസ്.എസ്. ലാൽ