‘കുന്തക്കാരനും ബലിയാടും’ പുസ്തക പ്രകാശനം ചെയ്തു

മുതിർന്ന പത്രപ്രവർത്തകനായ ശ്രീ. ജി. യദുകുലകുമാർ എഴുതിയ ‘കുന്തക്കാരനും ബലിയാടും‘ എന്ന പുസ്തകം സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി ശ്രീ പന്ന്യൻ രവീന്ദ്രൻ പുന്നപ്ര വയലാറിന്റെ കഥാകാരനായ ശ്രീ കെ വി മോഹൻ കുമാറിന് സമർപ്പിച്ചു. ഇന്ന് 30-11-2020 രാവിലെ സൈൻ ബുക്സിന്റെ സ്റ്റാച്യുവിലുള്ള ഓഫീസിൽ വച്ച് പ്രകാശനം ചെയ്തു. പ്രസ്തുത പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്നത് സൈൻ ബുക്സ് ആണ്. പൂർണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ചുതന്നെയാണ് പുസ്തകപ്രാകാശന ചടങ്ങു നടന്നത്.

പുസ്തക പ്രകാശനത്തിന്റെ വീഡിയോ

പുസ്തകത്തെ പറ്റി ഒരാമുഖം ചുവടെ:

പുന്നപ്ര വയലാറെന്ന് കേട്ടാൽ ഏതു മലയാളിക്കും പെട്ടെന്നോർമ്മ വരും. എന്നാൽ കുന്തക്കാരൻ പത്രോസ് എന്ന വയലാർ സമരത്തിൻ്റെ ഡിക്റ്റേറ്ററെ, തിരുവിതാംകൂർ സ്റ്റേറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയെ എത്രപേരറിയും? കേരള ചരിത്രത്തിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലും ഇടം പിടിക്കാതെ പോയ ഒരു പാവപ്പെട്ട ദളിത് തൊഴിലാളി നേതാവായ കെ വി പത്രോസ് എന്ന കുന്തക്കാരൻ പത്രോസ്! ഈ പാവം മനുഷ്യനെ എന്തുകൊണ്ട് പാർട്ടി പോലും തള്ളിക്കളയുകയും ബ്രാഞ്ച് തലത്തിലേക്കു തരംതാഴ്ത്തപ്പെടുത്തുകയും ചെയ്തത്?

1938 ലെ ആലപ്പുഴ കയർ തൊഴിലാളി സമരത്തിനും,
1946 ലെ പുന്നപ്ര-വയലാർ സമരത്തിനും
നേതൃത്വം ആർക്കായിരുന്നു?

സ: കെ.സി. ജോർജ്ജല്ലാതെ, ആരാണ് പാർട്ടി നേതാക്കളായി ആലപ്പുഴയുണ്ടായിരുന്നത്?

ശ്രീ. ജി. യദുകുലകുമാർ എന്ന മുതിർന്ന പത്രപ്രവർത്തകനാണ്, ഈ തലമുറക്ക് ഒട്ടും പരിചിതമില്ലാത്ത പത്രോസിനെ ‘കുന്തക്കാരനും ബലിയാടും‘ എന്ന പുസ്തകത്തിലൂടെ നമ്മുടെ മുമ്പിലെത്തിക്കുന്നത്. 90 കളിൽ, പത്രോസിനൊപ്പം ജീവിച്ചിരുന്നവരെയും അയൽക്കാരെയും സഹപ്രവർത്തകരെയും ബന്ധുക്കളെയും സ: ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുമായും അഭിമുഖം നടത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. പത്രോസിനൊപ്പം രണ്ടു കൊല്ലക്കാലത്തിൽപ്പരം ഒളിവിലും തെളിവിലും ഒരുമിച്ചു കഴിഞ്ഞ സി അച്യുതമേനോൻ്റെ നേർസാക്ഷ്യങ്ങളും.

പത്രോസിൻ്റെ ജീവിതകഥ എന്നതിലുപരി, കേരള രാഷ്ട്രീയത്തിൻ്റെയും, ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെയും, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും 1920 മുതൽ 90 കൾ വരെയുള്ള ചരിത്രം കൂടി രേഖപ്പെടുത്തുകയാണ് (ഹ്രസ്വമാണെങ്കിലും) ഗ്രന്ഥകർത്താവ്.

വളരെയേറെ ചരിത്രപുസ്തകങ്ങൾ തേടിയാൽ മാത്രം കിട്ടുന്നയറിവുകൾ സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ഇതിൽ പറഞ്ഞിരിക്കുന്നു.

സമകാലീന രാഷ്ട്രീയത്തിൻ്റെ സമവാക്യങ്ങൾ നിർധാരണം ചെയ്യുന്നവർ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

ചരിത്രവും വർത്തമാനവും, അധികാരത്തിനും സ്വജനപക്ഷപാതത്തിനും സവർണ്ണമേധാവിത്വത്തിനും മുമ്പിൽ മുട്ടുവളയ്ക്കുന്നതിൻ്റെ സാക്ഷ്യപത്രങ്ങൾ.

നേതൃത്വം പറയുന്നതുകേട്ടു (കൽക്കത്ത തിസീസ്) അതു മാത്രം പ്രവർത്തിച്ച, നേതാവായ പാവം സഖാവിൻ്റെ ചരിത്രം കാണാതെ പോകരുത്.