കുരുക്കുകൾ അഴിഞ്ഞു; ശോഭയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം

കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ശോഭയ്ക്കു സ്വന്തം പേരിൽ ഭൂമി. താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനും കൈവശാവകാശ രേഖകൾക്കുമായി ഏഴു വർഷം മുൻപ് അപേക്ഷ നൽകിയെങ്കിലും നിയമക്കുരുക്കുകളിലും നൂലാമലകളിലുംപെട്ട് ഏറെ നീണ്ടുപോയി. ഒടുവിൽ സർക്കാർ സംഘടിപ്പിച്ച സാന്ത്വന സ്പർശം അദാലത്തിൽവച്ച് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രായവും ശാരീരിക ബുദ്ധിമുട്ടുകളുംമൂലം വിഷമിക്കുന്ന ശോഭയ്ക്ക് സ്വപ്‌ന സാഫല്യമാണു സർക്കാരിന്റെ ഈ കരുതൽ സ്പർശം.

പരിമിതമായ സൗകര്യങ്ങളോടെയുള്ള ചെറിയ വീട്ടിലാണ് അരുവിപ്പുറം പണ്ടാരത്തോട്ടത്തുവീട്ടിൽ ശോഭയും ഭർത്താവും താമസിക്കുന്നത്. ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് 2014ൽ അപേക്ഷ നൽകി. സീറോ ലാൻഡ്‌ലെസ് പദ്ധതിയുടെ ഭാഗമായായിരുന്നു അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുമായി ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും തീരുമാനമുണ്ടായില്ല. ഒടുവിൽ സാന്ത്വന സ്പർശം അദാലത്തിൽ അപേക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഭൂമിയുടെ അവകാശിയാകാൻ പോകുന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും തൃപ്തിയുമുണ്ടെന്ന് അദാലത്ത് വേദിയിൽവച്ച് ശോഭ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശോഭയ്ക്ക് ഉടൻ പട്ടയം കൈമാറും. ശോഭയടക്കം നിരവധി പേർക്കാണ് ഇന്നലെ നടന്ന സാന്ത്വന സ്പർശം അദാലത്തിലൂടെ പട്ടയവും കൈവശാവകാശ രേഖകളും ലഭിച്ചത്.