രണ്ട് കുടുംബങ്ങൾക്ക് കൂടി സഹായ ധനം നൽകി തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മ ‘സപ്ത’

‘സാന്ത്വനം’ ചികിത്സാ സഹായ നിധിയിൽ നിന്ന് ജില്ലയിലെ രണ്ട് കുടുംബങ്ങൾക്ക് കൂടി സഹായം നൽകി സപ്ത. ശ്വാസകോശത്തിൽ നിന്നും രക്ത സ്രാവമുണ്ടാകുന്ന അപൂർവ്വ രോഗത്തിന് ചികിത്സ തേടുന്ന പതിമൂന്നുകാരി സാന്ദ്രയ്ക്കും ജനിതക വ്യതിയാനം മൂലം ജന്മനാ രോഗിയായ മൂന്നര വയസുകാരി ഹെമലിനുമാണ് സഹായം നൽകിയത്. നെയ്യാർഡാം പന്ത കൂട്ടപ്പനയിൽ സതീഷ് – സന്ധ്യ ദമ്പതികളുടെ മകളാണ് സാന്ദ്ര.തമിഴ്നാട് വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുന്നതിന് വേണ്ടിയുള്ള ഭാരിച്ച തുക കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന കുടുംബത്തിനാണ് സപ്ത കൈത്താങ്ങായത്. കാഞ്ഞിരംകുളം ഹിമക്കുടിലിൽ ബിനുജിൻ – ജീജ ദമ്പതികളുടെ മകളായ ഹെമലിൻ ജനിച്ചത് തന്നെ ജനിതക വ്യതിയാനത്തോടെയാണ്.

ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. സപ്ത യുടെ ചെയർമാൻ ശ്രീ അശോക് കുമാർ, വൈസ് ചെയർമാൻ ജയ് കുമാർ, വൈസ് പ്രസിഡന്റ്‌ അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ അംഗങ്ങൾ സാന്ദ്രയുടെ വീട്ടിലെത്തി 25000 രൂപയുടെ ചെക്ക് കൈമാറി.ശസ്ത്രക്രിയയുടെ തുടർ ചികിത്സയ്ക്കായി കൊച്ചിയിൽ തങ്ങുന്ന ഹെമലിന്റെ കുടുംബത്തിന് സപ്തയുടെ അംഗമായ ശ്രീ സുരേഷ് കുമാർ കൊച്ചിയിലെ വീട്ടിലെത്തി ചെക്ക് കൈമാറി.

ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സ തേടുന്ന നിർധനരായ രോഗികളുടെ കുടുംബങ്ങളെ സഹായിക്കാനായി സപ്ത രൂപീകരിച്ച പദ്ധതിയാണ് ‘സാന്ത്വനം’ ചികിത്സാ സഹായ നിധി. കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് ഏകദേശം എട്ട് ലക്ഷത്തിലധികം രൂപ ഈ നിധിയിൽ നിന്നും ചിലവഴിച്ചു കഴിഞ്ഞു.

39 Views