ട്രോളിങ് നിരോധനം: തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു

ജില്ലയില്‍ ട്രോളിങ് നിരോധനത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു. ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസമാണു ട്രോളിങ് നിരോധനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ട്രോളിങ് നിരോധനകാലത്ത് ഏര്‍പ്പെടുത്തുന്ന എല്ലാ ക്രമീകരണങ്ങളിലും കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അഭ്യര്‍ഥിച്ചു.

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്, തുറമുഖ വകുപ്പ്, കെ.എസ്.ഇ.ബി, കോര്‍പ്പറേഷന്‍ തുടങ്ങിയവര്‍ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അഞ്ചു ദിവസത്തിനള്ളില്‍ പൂര്‍ത്തിയാക്കണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു. നിരോധനം ബാധകമല്ലാത്ത വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതു പൂര്‍ണ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കണം. ലൈഫ് ജാക്കറ്റുകള്‍ അടക്കമുള്ളവ നിര്‍ബന്ധമായും കരുതണം. എത്ര പേര്‍ കടലില്‍ പോകുന്നുണ്ടെന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്കു നല്‍കണം. ഏത് അടിയന്തര സാഹചര്യത്തിലും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രവുമായി ബന്ധപ്പെടണം. 1077 എന്ന നമ്പറിലാണു വിളിക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.

മണ്‍സൂണ്‍കാല പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനത്തിനുമായി കോസ്റ്റല്‍, മറൈന്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റേയും തീരസംരക്ഷണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആംബുലന്‍സ് സൗകര്യവുമുണ്ടാകും. തീരദേശ മേഖലയിലെ മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

വിഴിഞ്ഞം വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, വിഴിഞ്ഞം പൊലീസ്, മറ്റു ബന്ധപ്പെട്ടവര്‍, എന്നിവരെ ഉള്‍ക്കൊള്ളിച്ച് പ്രാദേശിക മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിക്കണം. ഹാര്‍ബര്‍ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ഹാര്‍ബറിലും പ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായി തടയുന്നതിനുള്ള നടപടികള്‍ പൊലീസും എക്സൈസും ചേര്‍ന്നു നടപ്പാക്കണം. ഇതിനായി നൈറ്റ് പട്രോളിങ്ങും നടത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിഴിഞ്ഞം, കോട്ടപ്പുറം പള്ളി വികാരിമാര്‍, വിഴിഞ്ഞം വടക്കുംഭാഗം, സെന്‍ട്രല്‍, തെക്കുംഭാഗം ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

12 Views