വിഷ്ണുവിന് ഇനി നാടുകാണാം സ്വന്തം ഇലക്ട്രിക് വീൽചെയറിൽ

ജന്മനാ അരയ്ക്കുതാഴെ തളർന്ന വിഷ്ണുവിന് ഇനി സ്വന്തം ഇലക്ട്രിക് വീൽ ചെയറിൽ നാടുകാണാം. സ്വന്തമായി ഒരു വീൽചെയർ വേണമെന്ന ഈ ഇരുപത്തെട്ടുകാരന്റെ ആഗ്രഹത്തിന് സാന്ത്വന സ്പർശം അദാലത്തിൽ സാഫല്യമായി.

നെയ്യാറ്റിൻകരയിൽ ഇന്നലെ(ഫെബ്രുവരി 08) നടന്ന അദാലത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിർദേശപ്രകാരം സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ വിഷ്ണുവിന് റ്റെട്രാ എക്‌സ് വീൽചെയർ നൽകുന്നതിനുള്ള നടപടിയെടുത്തു. വിഷ്ണുവിൻരെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 20,000 രൂപയും അനുവദിച്ചു നൽകി.

ആര്യങ്കോട് മൈലച്ചൽ തേരിയിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെ മകനായ വിഷ്ണു ശാരീരിക വിഷമതകളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും ഏറെ കഷ്ടപ്പെടുകയായിരുന്നു. മാതാപിതാക്കളും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. തൊഴിലുറപ്പ് ജോലിക്കാരനാണ് ത്രിവിക്രമൻ നായർ. അതിൽനിന്നു ലഭിക്കുന്ന തുച്ഛ വരുമാനംകൊണ്ട് മകന്റെ ചികിത്സാ കാര്യങ്ങളും യാത്രയ്ക്കായി വീൽ ചെയർ വേണമെന്ന ആവശ്യവും സാധിച്ചുകൊടുക്കാനാകാത്തത്തിന്റെ വിഷമത്തിലായിരുന്നു അദ്ദേഹം. സാന്ത്വനസ്പർശം പരാതി പരിഹാര ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സർക്കാർ നടപടികളിൽ വലിയ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.