Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വി ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണു : കെ സുരേന്ദ്രൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്തു പത്ത് ദിവസമായപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പോകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുനമ്പം വിഷയം. വഖഫിന്റെ കരാള ഹസ്തങ്ങളില്‍ കുടുങ്ങിപ്പോയവരുടെ പ്രധാന പ്രശ്‌നമായിരുന്നു മുനമ്പം. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി. ഡി. സതീശന്‍ പറഞ്ഞത് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ 10 മിനിറ്റിനുള്ളില്‍ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്നും വഖഫ് ഭൂമിയല്ലെന്ന് നോട്ട് കൊടുക്കുമെന്നാണ് പറഞ്ഞത്. ഇത് പറഞ്ഞ് മുനമ്പം നിവാസികളെയും സഭാപിതാക്കന്മാരെയും കബളിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രശ്‌നം തണുപ്പിക്കാനുള്ള സതീശന്റെ തന്ത്രം മാത്രമായിരുന്നു അത്.

വി. ഡി സതീശന് അന്നത്തെ നിലപാടല്ലെന്ന് ബോധ്യമായില്ലേ എന്നാണ് കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ചോദിച്ചത്. സതീശനും യുഡിഎഫും മുനമ്പം നിവാസികളെയും സഭാ പിതാക്കന്‍മാരെയും പച്ചയായി കബളിപ്പിക്കുകയാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി മുനമ്പത്ത് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരിക്കുകയാണ്. നിലവില്‍ മുനമ്പം നിവാസികളുടെ പേരിലാണ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കരം അടക്കുന്നതും. പിന്നെ എന്ത് വ്യാജരേഖയുണ്ടാക്കിയാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

മതമൗലികവാദികള്‍ക്കൊപ്പം നിലകൊള്ളുന്നതാണ് യുഡിഎഫിന്റെ നൈസര്‍ഗിക ഘടന. മുസ്ലിം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെും വെറുപ്പിച്ച് ഒരു തീരുമാനവും എടുക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് വി. ഡി സതീശന്‍. വഖഫ് പോര്‍ട്ടലില്‍ ഇത് ഏങ്ങനെ രജിസ്റ്റര്‍ ചെയ്തു എന്നത് സംബന്ധിച്ച് അദ്ദേഹം ഒരു പ്രതികരണവും നടത്തിയിട്ടില്ല. വഖഫ് കയ്യേറ്റത്തില്‍ വി. ഡി സതീശന്റെ നിലപാട് അറിയാന്‍ കേരള ജനതയ്ക്ക് താല്‍പ്പര്യമുണ്ട്. വി ഡി സതീശന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വഖഫ് ബോര്‍ഡ് പിരിച്ചു വിടണം. 10 മിനിറ്റ് കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ വി. ഡി സതീശന്‍ വാക്ക് പാലിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ പോലെ ഇരട്ടത്താപ്പുള്ള മറ്റൊരു പാര്‍ട്ടി ഇല്ല. എന്ത് പരിതോഷികത്തിന്റെ ഭാഗമായാണ് നിയമനം. വി. ഡി. സതീശന്‍ നിയമിച്ചതെല്ലാം ഓരോ പരിതോഷികത്തിന്റെ ഭാഗമാണ്. കെ. സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഇതില്‍ എന്ത് പറയുന്നു എന്ന് അറിയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ അഡ്വ. എസ്. സുരേഷ്, പൂന്തുറ ശ്രീകുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!