Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതികൾ: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകൾ വിതരണം ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സമഗ്രവികസനത്തിനും പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മത്സ്യബന്ധനം, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍. വെട്ടുകാട് പാരീഷ് ഹാളിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും കുട്ടികള്‍ക്ക് വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന് കീഴിൽ പത്ത് സ്‌കൂളുകളാണ് ഉള്ളത്. ഫിഷറീസ് സ്കൂളുകളിലെ പ്രൈമറി ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ഉടൻ ആരംഭിക്കും. സർഫിംഗ് സ്‌കൂളുകൾ സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിലായി തുടങ്ങും. തീരദേശമേഖലയിലെ 130 വിദ്യാർത്ഥികൾക്ക് 1,25,000 രൂപ വീതം മെഡിക്കൽ-എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിനായി നൽകുന്നുണ്ട്. കായിക മേഖലയിലും മികച്ച പ്രോത്സാഹനം കുട്ടികൾക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ മാറ്റം നടക്കുന്നത് തീരപ്രദേശങ്ങളിലാണെന്നും ഇവിടുത്തെ കുട്ടികൾ കേരളത്തിലെ മറ്റ് മേഖലകളിലെ കുട്ടികളേക്കാൾ അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തീരപ്രദേശത്തെ വിദ്യാർത്ഥികൾ ലോകത്ത് നക്ഷത്രത്തിളക്കത്തോടു കൂടി നിൽക്കുമെന്നും കേരള സർക്കാർ അവർക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും കായിക മത്സരങ്ങളില്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന അവാര്‍ഡുകളുമാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പിന്റെയും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും ആഭിമുഖ്യത്തിൽ നക്ഷത്രത്തിളക്കം എന്ന പേരിലാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്.

മത്സ്യബന്ധന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി, മത്സ്യ ബോർഡ് കമ്മീഷണർ സലിം എച്ച്, ഫിഷറീസ് അഡി.ഡയറക്ടർ സ്മിത ആർ.നായർ, വാർഡ് കൗൺസിലർമാർ, വെട്ടുകാട് ഇടവക വികാരി ഫാ. ഷാജു വില്യം, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!