കായലിന്റെ ആഴങ്ങളിൽ ഓർമ്മകൾ നഷ്ടപ്പെട്ട ‘പീലി’യുടെ ജീവിതകഥ പറയുന്ന ചിത്രം.
തിരുവനന്തപുരം: ഒരു മനുഷ്യന്റെ ഓർമ്മനഷ്ടവും ഏകാന്തതയും അതിജീവനവും നിശ്ശബ്ദമായ വിലാപകാവ്യമായി അവതരിപ്പിക്കുന്ന ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു. തക്ഷില ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജോസാന്റണി കുരീപ്പുഴ നിർവഹിക്കുന്നു.
മലേരിക്ക പള്ളിയിൽ പെരുന്നാൾ കൊടിയിറങ്ങിയ ദിവസം വലിയ കായലിൽ സംഭവിച്ച ബോട്ട് അപകടമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. അപകടത്തിൽ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചെടുക്കുന്ന ഒരു അപരിചിതനായ അന്യദേശക്കാരന്, തന്റെ അന്നോളമുള്ള ഓർമ്മകൾ കൂടി കായലിന്റെ ആഴങ്ങളിൽ നഷ്ടപ്പെടുന്നു.
തുടർന്ന് പള്ളിപ്പന്തലിലും പള്ളിനിഴലിലുമായി ശിഷ്ടജീവിതം തുടരുന്ന ഇയാൾ കാലക്രമേണ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനായി മാറുന്നു. പള്ളിയിൽ നടന്ന ഒരു കളവിനെ തുടർന്ന് പോലീസിനെയും മനുഷ്യരെയും ഭയന്ന് കഴിയുന്ന ഇയാൾ, സ്വസ്ഥമായി കിടന്നുറങ്ങാൻ സെമിത്തേരിയുടെ ഒരു കോണിൽ തന്നെ ഒരിടം കണ്ടെത്തുന്നു.
മയ്യവാടിയിലെ പ്രേതങ്ങളാണ് തനിക്ക് ‘പീലി’ എന്ന പേര് നൽകിയതെന്ന് സ്വയം വിശ്വസിക്കുന്ന ഈ മനുഷ്യന്റെ അസാധാരണമായ ജീവിതമാണ് ‘കല്ലറ ലിഖിതങ്ങൾ’ അനാവരണം ചെയ്യുന്നത്. ഓർമ്മ, ഏകാന്തത, മരണം, മനുഷ്യബന്ധങ്ങൾ എന്നിവയെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ സമീപിക്കുന്ന ചിത്രമാണ് ഇതിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
സനിൽ പേക്കൽ, ജോൺസൺ സ്റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ലോറി, സിന്ധു ജോസ്, വിജു സി. പരവൂർ, സെബാസ്റ്റ്യൻ, ജോസ് ആന്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്ലീറ്റസ്, ഡോ. അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
സനിൽകുമാർ എസ് ആണ് നിർമ്മാണം. രാമചന്ദ്രൻ ഛായാഗ്രഹണവും സന്ദീപ് ശ്രീജു എഡിറ്റിംഗും നിർവഹിക്കുന്നു. ഗാനരചന ജോസാന്റണി കുരീപ്പുഴയും സംഗീതവും ആലാപനവും കൃപാലും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം അജയ് സരിഗമ.
കലാസംവിധാനം ഗിരീഷ് ഗോപിനാഥ്, ചമയം രതീഷ് രവി, വസ്ത്രാലങ്കാരം ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് ആനന്ദ് ബാബു, ഡി.ഐ. കളറിസ്റ്റ് വിജയകുമാർ, സ്പോട്ട് എഡിറ്റർ സുനിൽ എം.കെ., എഐ വീഡിയോ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേഷൻ ജോസ് ആലപ്പാടൻ, സ്റ്റിൽസ് ജോസ് ഡീ.ജെ. എന്നിവരാണ് നിർവഹിക്കുന്നത്. അജയ് തുണ്ടത്തിൽ ആണ് പി.ആർ.ഒ.
