വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി.

കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വളരെ ഗുരുതരമായ കാര്യങ്ങളാണ് മുഖ്യമന്ത്രിക്കും, ഡി.ജിപിക്കും എ.ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത – രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവങളാണ് അരങ്ങേറുന്നത്.

error: Content is protected !!