പരസ്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ മുഖ്യമന്ത്രിമാരുടേയും ഉപമുഖ്യമന്ത്രിമാരുടേയും യോഗത്തിലാണ് നരേന്ദ്ര മോദി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. നേതാക്കള്‍ നടത്തുന്ന പല പ്രസ്താവനകളിലും അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് സൂചന. പരസ്യമായി പ്രസ്താവന നടത്തുമ്പോള്‍ എന്തും എവിടെയും പറയാമെന്ന സ്ഥിതിയുണ്ടാകരുതെന്നാണ് പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടത്.
എന്തും എവിടെയും പറയുന്ന രീതി ഒഴിവാക്കണം. ആശയവിനിമയത്തില്‍ അച്ചടക്കം വേണമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും അദ്ദേഹം നേതാക്കളോട് വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാമതൊരു കക്ഷിയുടെ സഹായം ഉണ്ടായിട്ടില്ല. പാകിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരമാണ് വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായതെന്നും മോദി പറഞ്ഞു.ഈയടുത്ത് ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. ബി.ജെ.പി മന്ത്രി വിജയ് ഷാ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഒടുവില്‍ മന്ത്രി മാപ്പ് പറഞ്ഞുവെങ്കിലും ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സേനാംഗങ്ങളുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് ഉപമുഖ്യന്ത്രി നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. സേനാംഗങ്ങള്‍ മോദിയെ വണങ്ങണമെന്നായിരുന്നു നേതാവ് പറഞ്ഞത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ നിര്‍ദേശമെന്നാണ് സൂചന.