നൂതന തൊഴിൽ മേഖലകളിൽ യുവതയുടെ ഇടം സൃഷ്ടിക്കാനാവണം: മന്ത്രി ഡോ. ബിന്ദു

മാറുന്ന ലോകക്രമത്തിനിടയിൽ പുതിയ അവസരങ്ങളും തൊഴിൽ സാധ്യതകളും അവയിലേക്ക് എത്തിച്ചേരാനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളും അതിവേഗം തിരിച്ചറിയണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബഹു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ദിശ പദ്ധതി സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ അന്വേഷകരായ വിദ്യാർഥികളെ കോളേജ് തലത്തിൽ തന്നെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല) ആരംഭിച്ച പദ്ധതിയാണ് ദിശ. 2023ൽ ആരംഭിച്ച പദ്ധതി നാളിതുവരെ 77 സർക്കാർ – എയ്ഡഡ് കോളേജുകളിൽ 5500ത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പാക്കി.

നീരമൻകര എൻ.എസ്.എസ് വനിതാ കോളേജിൽ നടന്ന പരിപാടിയിൽ കൈല ഡയറക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ദേവിക സ്വാഗതഭാഷണം നടത്തി. കൈല ഗവേണിങ് ബോഡി അംഗമായ ഡോ. ഫസീല തരകത്ത്, നയനീതി പോളിസി കളക്ടീവ് പ്രതിനിധിയായ ജാവേദ് ഹുസൈൻ, കൈല പ്രോജക്ട് മാനേജർ കാർത്തിക് ഗോപാൽ, എൻ എസ് എസ് കോളേജ് കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ പ്രൊഫ. മഞ്ജരി എസ് എന്നിവർ സംസാരിച്ചു.

കൈലയും നയനീതി പോളിസി കളക്ടീവും ചേർന്ന് കേരളത്തിലെ തെരഞ്ഞെടുത്ത 60 കോളേജുകളിൽ ദിശ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പുകൾ ഈ വർഷം സംഘടിപ്പിക്കും.

error: Content is protected !!