ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണം
മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകണം – ബാലാവകാശ കമ്മിഷൻ

പത്തനംതിട്ട: ഗവൺമെന്റ് എം.റ്റി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന ആരോൺ വി. വർഗ്ഗീസിന്റെ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഹർജിയും റിപ്പോർട്ടുകളും സമഗ്രമായി പരിശോധിച്ച കമ്മിഷന് റാന്നി മാർത്തോമാ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയിൽ പിഴവ് വന്നിട്ടുള്ളതായി ബോധ്യപ്പെട്ടു.

2005ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കമ്മിഷനുകൾ ആക്റ്റിലെ  വകുപ്പ് 15 പ്രകാരം കുട്ടി മരിക്കാൻ ഇടയാക്കിയ ആശുപത്രി അധികൃതർക്കെതിരെയും ഡോക്ടർക്കെതിരെയും മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ ഉത്തരവിൽ നിർദ്ദേശിച്ചു. ആശുപത്രികളിൽ വന്നുചേരുന്ന കുട്ടികളെ വ്യക്തികളായി മാനിച്ച് അവർക്ക് വേണ്ട വൈദ്യ സഹായം കൃത്യതയോടും കാര്യക്ഷമമായും നൽകുന്നതിന് മാർത്തോമ മെഡിക്കൽ മിഷൻ ഡയറക്ടർ നടപടി സ്വീകരിക്കണം. 
ആശുപത്രി അധികൃതരെ സഹായിക്കാൻ പോസ്റ്റ്മോർട്ടം ഫൈന്റെിംഗ്സ് തെറ്റായി തയ്യാറാക്കിയതായി കമ്മിഷൻ വിലയിരുത്തുന്നു.  ഒരിക്കലും യൂറിനറി ട്രാക് ഇൻഫെക്ഷൻ കോംപ്ലിക്കേഷൻ കൊണ്ട് കുട്ടി മരണപ്പെടാൻ സാധ്യതയില്ല. M.O.S. രാസപരിശോധന വളരെ വൈകിപ്പിച്ചത് മന:പൂർവ്വമാണ്. അഞ്ചു വയസുകാരന് അടിയന്തരമായി രാത്രി തന്നെ മാനിപ്പുലേറ്റീവ് റിഡക്ഷൻ നൽകേണ്ട ആവശ്യകത സംബന്ധിച്ച് വ്യക്തയില്ല.  ഇത് നീതിക്ക് നിരക്കാത്തതും തികച്ചും ബാലാവകാശ ലംഘനവുമാണ്. കുട്ടിയ്ക്ക് വിദഗ്ദ്ധ ചികിത്സ നേടുവാനുള്ള അവസരം നിഷേധിക്കപ്പെട്ടു.  കുട്ടിയെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടു പോകുന്നതിനു മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. വലതു കൈമുട്ടിനു മുകളിൽ വച്ച് ഒടിഞ്ഞ കുട്ടിയ്ക്ക് ധൃതി കൂട്ടി രാത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തിയതിന്റെ കാരണം വ്യക്തതമല്ല.  ഒരുപാട് നാൾ ജീവിക്കേണ്ട വ്യക്തി ബാല്യത്തിൽ തന്നെ പൊലിഞ്ഞു പോകേണ്ട സാഹചര്യം ഹോസ്പിറ്റൽ അധികാരികളുടെ ഭാഗത്തുണ്ടായ വീഴ്ചയാണ്. 

ഐക്യരാഷ്ട്രസഭ അംഗീകരിച്ച കുട്ടിയുടെ അതിജീവന അവകാശം ഇല്ലായ്മ ചെയ്യുകയും സുരക്ഷ നൽകേണ്ടവർ കുട്ടിയുടെ ബാല്യം കവർന്നെടുത്തതായും കമ്മീഷൻ വിലയിരുത്തുന്നു. കുട്ടിയെ ചികിത്സിച്ച ഓർത്തോപിഡിക് ഡോക്ടറും അനസ്തേഷ്യ ഡോക്ടറും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ ഓർത്തോപിഡിക് ഡോക്ടർക്ക് ട്രാവൻകൂർ – കൊച്ചിൻ രജിസ്ട്രേഷൻ ഇല്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2024 ഫെബ്രുവരിയിൽ പത്തനംതിട്ട ഗവൺമെന്റ് MTLP സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആരോൺ വി. വർഗ്ഗീസിനെ റാന്നി മാർത്തോമാ ഹോസ്പിറ്റലിൽ എത്തിക്കുകയും എന്നാൽ ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകി കുട്ടിയ മരണത്തിലേക്ക് തള്ളിവിട്ട ഹോസ്പിറ്റൽ മാനേജ്മെന്റിനെതിരെ നടപടി എടുക്കണം എന്ന പരാതിയിന്മേലാണ് കമ്മിഷന്റെ ഉത്തരവ്. കമ്മിഷൻ ശുപാർശയിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് മാർത്തോമ മെഡിക്കൽ മിഷൻ ഡയറക്ടറും ജില്ലാകളക്ടറും ജില്ലാ പേലീസ് മേധാവിയും 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 30 ദിവസത്തിനകം സമർപ്പിക്കണം.

error: Content is protected !!