
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
സുലൈമാന്‍ സിസ്സെ, ശ്യാം ബെനഗല്‍, ഷാജി എന്‍. കരുണ്‍, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍തീയ, പി. ജയചന്ദ്രന്‍, ആര്‍.എസ്. പ്രദീപ് എന്നിവര്‍െക്കാണ് മേള സ്മരണാഞ്ജലിയര്‍പ്പിക്കുന്നത്.
ആഫ്രിക്കയിലെ ഏറ്റവും മികച്ച സംവിധായകനായി കണക്കാക്കപ്പെടുന്ന മാലി സ്വദേശിയായ സംവിധായകനാണ് സുലൈമാന്‍ സിസ്സെ. മകള്‍ ഫാറ്റൂ സിസ്സെ സംവിധാനം ചെയ്ത ‘എ ഡോട്ടേഴ്‌സ് ട്രിബ്യൂട്ട് ടു ഹെര്‍ ഫാദര്‍: സുലൈമാന്‍ സിസ്സെ’ എന്ന ചിത്രം അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള ജീവിതം വരച്ചുകാണിക്കുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളായിരുന്നു ശ്യാം ബെനഗല്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന അദ്ദേഹത്തിന് ദാദാസാഹേബ് ഫാല്‍ക്കെ, പത്മശ്രീ, പത്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ ചലച്ചിത്രകാരന്മാരില്‍ ഒരാളായ സത്യജിത് റേയുമായി നടത്തിയ രണ്ട് വര്‍ഷത്തെ അഭിമുഖങ്ങളുടെ ഫലമാണ് ബെനഗലിന്റെ ഡോക്യുമെന്ററി ‘സത്യജിത് റേ’.
ഷാജി എന്‍. കരുണ്‍ അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭനായ സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു. അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രമായ പ്രാണന്‍ മലയാള സാഹിത്യകാരനും അധ്യാപകനുമായ എം.കെ. സാനുവിനുള്ള ആദരമാണ്. കേരളം കണ്ട ഏറ്റവും മികച്ച അധ്യാപകനും സാഹിത്യകാരനും സാംസ്‌കാരിക വ്യക്തിത്വവുമായി മാറിയ സാനുവിന്റെ യാത്രയാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്.
ഇന്ത്യന്‍ ഡോക്യുമെന്ററി ചലച്ചിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു തപന്‍ കുമാര്‍ ബോസ്. ബിഹാറില്‍ വിചാരണത്തടവുകാരെ കണ്ണുകെട്ടി ക്രൂരമായി പീഡിപ്പിക്കുന്ന പോലീസും ജന്മികളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്ന ചിത്രമാണ് ‘ആന്‍ ഇന്ത്യന്‍ സ്റ്റോറി ഓണ്‍ ഭഗല്‍പൂര്‍ ബ്ലൈന്‍ഡിംഗ്‌സ്’.
ഡോക്യുമെന്ററി ചലച്ചിത്രകാരനും കവിയും ഫോട്ടോഗ്രാഫറും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു തരുണ്‍ ഭാര്‍തീയ. ‘ഇന്‍ ക്യാമറ, ഡയറീസ് ഓഫ് എ ഡോക്യുമെന്ററി ക്യാമറാമാന്‍’ എന്ന ചിത്രത്തിന് മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവാണ് അദ്ദേഹം.
വിവിധ ഭാഷകളിലായി 16,000-ത്തിലധികം ഗാനങ്ങള്‍ പാടിയ പിന്നണി ഗായകനായിരുന്നു പി. ജയചന്ദ്രന്‍. മലയാള സിനിമയിലെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും 1986-ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജേന്ദ്ര വര്‍മ്മന്‍ സംവിധാനം ചെയ്ത ‘ഒരു കാവ്യപുസ്തകം – എ ബുക്ക് ഓഫ് പോയംസ്’ എന്ന ഡോക്യുമെന്ററി ജയചന്ദ്രന്റെ സംഗീത ജീവിതത്തിനുള്ള ആദരമാണ്.
മൂന്ന് പതിറ്റാണ്ടിനുമീതെ 100-ല്‍ അധികം ഡോക്യുമെന്ററികള്‍ ഒരുക്കിയ സംവിധായകനായിരുന്നു ആര്‍ എസ് പ്രദീപ്. കേരളത്തിലെ ആദ്യത്തെ ടെലിവിഷന്‍ സ്റ്റുഡിയോ ആയ ‘ട്രിവാന്‍ഡ്രം ടെലിവിഷന്‍’ സ്ഥാപിച്ചത് അദ്ദേഹമാണ്. ഹോമേജ് വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ‘പ്ലാവ്’ പ്രദര്‍ശിപ്പിക്കും. ഭക്ഷ്യ അരക്ഷിതാവസ്ഥയെ ചെറുക്കുന്നതില്‍ ചക്കയ്ക്കുള്ള നിര്‍ണായക പങ്ക് എടുത്തുകാണിക്കുന്നതാണ് ‘പ്ലാവ്’ എന്ന ചിത്രം.

