ഛോട്ടു പറയുന്നു,  കേരളത്തിൽ നിന്നും പഠിക്കാനേറെയുണ്ട്

സാക്ഷരതാമിഷന്റെ  പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയ അസം സ്വദേശി

”ഗായ്സ്…. ഞാൻ അസം സ്വദേശി ആശാദുൾ ഹഖ്.  എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത കാര്യം ആര്യനാട് ഗ്രാമ പഞ്ചായത്തും സാക്ഷരതാ മിഷനും കേരള സർക്കാരും കൂടി നടത്തിത്തന്നിരിക്കുകയാണ് ഗായ്‌സ്…

ആശാദുൾ ഹഖ്

തനി മലയാളത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് ആശാദുൾ ഹഖ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുള്ളത്  ഒരു  സ്വപ്ന സാക്ഷാൽക്കാരത്തിന്റെ  സന്തോഷ നിമിഷങ്ങളാണ് .

ഏഴാം ക്ലാസ്സിൽ പഠനം നിർത്തി നിത്യവൃത്തിക്കായി ജീവിതത്തോട് പൊരുതികൊണ്ടിരുന്ന അവൻ ഏഴു വർഷം മുൻപ് കേരളത്തിലേക്ക് വണ്ടി കയറുമ്പോൾ അവന്റെ വിദൂര സ്വപ്നങ്ങളിൽ പോലും തുടർ പഠനം എന്നൊരു ആശയം ഇല്ലായിരുന്നു.
ഇന്നവൻ പത്താം ക്ലാസ് മികച്ച രീതിയിൽ പാസ്സായി ഹയർ സെക്കണ്ടറി പരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്.മലയാളം തീരെ വശമില്ലാതി രുന്ന ആശാദ്
ഇന്ന് മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും വായിക്കുകയും  മാത്രമല്ല  കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോകൾ  സ്വന്തം യൂട്യൂബിൽ മലയാളത്തിൽ തന്നെ അപ് ലോഡ് ചെയ്യുന്നുമുണ്ട്.


ഒരിക്കലും നടക്കില്ലെന്നു അവൻ കരുതിയ പഠനവഴികൾ അവനായി തുറന്നു നൽകിയിരിക്കുകയാണ് ഈ നാട്. അതിന്
ഈ ഇരുപത്തിനാലുകാരൻ  നന്ദി പറയുന്നത് കേരളസർക്കാരിനോടും സാക്ഷരതാമിഷനോടുമാണ്. ആര്യനാട്ടെ ഒരു ഹോട്ടലിൽ ജീവനക്കാരനായെത്തി ഗ്രാമ്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ആശാദ് നാട്ടുകാർക്ക് ഛോട്ടുവാണ്. മലയാളം മനസിലാക്കാനായി ആറ് മാസത്തോളം വേണ്ടിവന്നു പിന്നീട് അടുത്തുള്ള അസീസി ആശ്രമത്തിൽ ജോലിക്കെത്തിയപ്പോഴാണ് പഠനമോഹം വീണ്ടും തോന്നിയത്. വാർഡ് മെമ്പർ രാധാകൃഷ്ണനോടും സാക്ഷരതാ പ്രേരക്കായ ബിന്ദു ടീച്ചറിനോടും ആഗ്രഹം പറഞ്ഞതോടെ  പത്താം ക്ലാസ് തുല്യതാ പരീക്ഷക്കുള്ള അവസരമൊരുങ്ങി.നല്ല മാർക്കോടെ പരീക്ഷ പാസായി.തുടർന്ന് ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയും എഴുതി.  മികച്ച വിജയം ഉറപ്പിച്ചിരിക്കുകയാണ് ഛോട്ടു.

വീട്ടിലെ സാമ്പത്തികപ്രയാസം കാരണമാണ് ഛോട്ടുവിന് പഠനം നിർത്തേണ്ടി വന്നത്. “കൊഴിഞ്ഞു പോ ക്കുകൾ കണ്ടെത്താനുള്ള ശ്രമങ്ങളോ മറ്റു പ്രോത്സാഹന ങ്ങളോ അവിടെ ലഭിക്കുകയില്ല.. അസമിലെ സ്‌കൂളുകൾ പോലെയല്ല ഇവിടുത്തെത്. നല്ല വൃത്തിയുള്ള സ്കൂളുകളും നല്ല ടീച്ചർമാരും”  മനസിലാകാത്ത കാര്യങ്ങൾ വ്യക്തമായും ലളിതമായും പറഞ്ഞുതരും.
പഠനാന്തരീക്ഷത്തിനും അധ്യാപകരുടെ മനോഭാവത്തിനും നൂറിൽ നൂറ് മാർക്കാണ് ഛോട്ടു നൽകുന്നത്.

കേരളത്തിലെ കുട്ടികൾക്ക് ഇടയ്ക്ക് വച്ച് പഠനം നിർത്തേണ്ട സാഹചര്യം ഉണ്ടാകാറില്ല.മറ്റുള്ളവർക്ക് മാതൃക ആക്കാവുന്ന തരത്തിൽ  ഒട്ടേറെ മികച്ച  കാര്യങ്ങളാണ്  കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ചെയ്യുന്നത്. അതിനു പുറമെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്  സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും സ്‌കൂൾ തുറക്കലിന് മുന്നോടിയായിതന്നെ പഠനസാമഗ്രികൾ സൗജന്യമായി എത്തിക്കുന്നു. അങ്ങനെയൊരു സഹായം അവിടെ കിട്ടിയിരുന്നെങ്കിൽ തന്റെ പഠനം മുടങ്ങുമായിരുന്നില്ല. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം അവിടെ കിട്ടാറില്ലെന്നും 18 വയസായാൽ വിവാഹം കഴിപ്പിച്ചുവിടാറാണ് പതിവെന്നും ഛോട്ടു പറയുന്നു.
  ജീവിതത്തിൽ ആദ്യമായി അംഗീകാരം കിട്ടിയത് മലയാളികൾക്കിടയിൽ നിന്നാണെന്ന് പറയുന്ന ഛോട്ടു ജീവിക്കാൻ ഏറ്റവും നല്ല സ്ഥലം കേരളമാണെന്നും പറയുന്നു.   നാട്ടിൽ അമ്മയും അച്ഛനും ചേച്ചിയുമുണ്ട്. തുടർന്നും പഠിക്കണമെന്നാണ് ആഗ്രഹം.

അതിഥി തൊളിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന് ചങ്ങാതി എന്ന പേരിൽ ഒരു പദ്ധതിയുണ്ട്. ഈ പദ്ധതി വഴിയാണ് ഛോട്ടു തുല്യതാ പരീക്ഷ പാസ്സായത്.  ആശാദുൾ ഹഖ് നാട്ടിലെ ഏഴാം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കി തുടർപഠനത്തിന് യോഗ്യത നേടുകയായിരുന്നുവെന്ന് സാക്ഷരാതമിഷൻ ജില്ലാ കോഡിനേറ്റർ നിർമ്മല ജോയി പറഞ്ഞു. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സാക്ഷരതാ മിഷൻ തുല്യതാ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സർക്കാർ എയ്ഡഡ് അൺ എയ്ഡഡ് സ്‌കൂളുകളിലാണ് ക്ലാസുകൾ നടത്തുന്നത്. ഇക്കൊല്ലം പ്ലസ് വണിന് 1050 പേരും ഹയർ സെക്കണ്ടറിയിൽ 1241 പേരും പരീക്ഷ  എഴുതിയിട്ടുണ്ട്. പരീക്ഷ നടത്തുന്നത് ഹയർ സെക്കണ്ടറി ബോർഡാണ്.

error: Content is protected !!