
അറിവുനൽകുന്നതിൽ പലരും ശ്രദ്ധിക്കാത്ത ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നു. പഠിതാക്കളിൽ ഓരോ ആളിന്റെയും കഴിവിനുതക്ക അളവിലുള്ള അറിവു പകർന്നുനൽകുന്നതേ ഫലവത്താവൂ. പാത്രം ചെറുതാണെങ്കിൽ അതിലേക്ക് പാൽപ്പായസമാണെങ്കിലും ഒരു കണക്കുമില്ലാതെ പകരാൻ ശ്രമിക്കുന്നത് നിഷ്പ്രയോജനം എന്നല്ല ധൂർത്തും ആവും. പാത്രം വലുതാണെങ്കിൽ അതിൽ അടിത്തട്ടു നനയാൻ മാത്രമുള്ള അളവിൽമാത്രം വിളമ്പിയാലോ? അത് ആ പാത്രത്തിന്റെ സാധ്യതയുടെ ചെറിയൊരംശംപോലും പ്രയോജനപ്പെടുത്താത്ത വൃഥാവ്യായമമായിപ്പോവും. അധ്യാപക-വിദ്യാർഥി-അനുപാതം സശ്രദ്ധം നിയന്ത്രിച്ചാലേ കുട്ടികൾക്കു പ്രയോജനപ്പെടൂ. വളരെയേറെ കുട്ടികളുള്ള ക്ലാസിൽ ഗ്രഹണശേഷി കുറഞ്ഞ വിദ്യാർഥി ഓരോക്ലാസു കഴിയും തോറും ഏറെയേറെ പിന്നോട്ടു പോകും. ഗ്രഹണശക്തി കൂടിയ കുട്ടിയാണെങ്കിൽ ഏറെയേറെ മുഷിയുകയും ചെയ്യും. അധ്യാപകന്റെ വ്യക്തിപരമായ ശ്രദ്ധ ആർക്കും കിട്ടുന്നില്ല. വിദ്യ പകർന്നുനൽകുന്നത് ശരിയായ രീതിയിലാവണമെങ്കിൽ ഇടതടവില്ലാതെ ഓരോ വിദ്യാർഥിയുടെയും ഗ്രഹണനിലവാരം അളന്നും കൊണ്ടാവണം.
മാനനം = അളക്കൽ. നൂനം = തീർച്ചയായും.
ഡോ വി ആർ പ്രബോധചന്ദ്രൻ നായരുടെ കുറുമൊഴിപ്പൂക്കൾ പംക്തിയിൽ നിന്നും എടുത്തത്.