ചുമതലയേൽക്കാൻ ആശുപത്രിയിൽ ഓടിയെത്തിയ ഡോക്ടർ

വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി

അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു. പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചുമതലയേൽക്കാൻ  മാരത്തൺ ഓടിയെത്തിയത്. ചുമതലയേൽക്കുന്നതിന്റെ പതിവ് ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും വിട നൽകിയായിരുന്നു ഡോക്ടർ വേറിട്ട തുടക്കം കുറിച്ചത്. കൊച്ചിയിൽ നിന്നും 40 കിലോമീറ്റർ ഓടി അപ്പോളോ അഡ്ലക്സിൽ എത്തിയ ഡോക്ടറെ സ്വീകരിക്കാൻ സിഇഒ ഡോ. ഏബെൽ ജോർജും മറ്റ് ആശുപത്രി അധികൃതരും ഉണ്ടായിരുന്നു.

ശനിയാഴ്ച രാത്രി 12-ന്  പനമ്പിള്ളി നഗർ പാർക്കിൽ നിന്നായിരുന്നു മാരത്തണിന്റെ തുടക്കം. ആരോഗ്യം, സഹനം, കൂട്ടായ്മ എന്നീ മൂല്യങ്ങൾ തന്റെ പുതിയ പ്രവർത്തനമേഖലയിൽ എത്തിക്കുക എന്ന സന്ദേശമാണ് ഈ ഓട്ടത്തിന് പിന്നിലെന്ന് ഡോ. ആന്റണി പോൾ വ്യക്തമാക്കി. ‘പനമ്പിള്ളി നഗർ റണ്ണേഴ്‌സ്’ എന്ന സൗഹൃദ കൂട്ടായ്മയും അദ്ദേഹത്തോടൊപ്പം ഈ ഉദ്യമത്തിൽ പങ്കുചേർന്നു. നഗരത്തിലെ തിരക്കുകൾ പിന്നിട്ട് പുലർച്ചയോടെ ആരംഭിച്ച ഓട്ടം അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ വിജയകരമായി അവസാനിച്ചു.

ആരോഗ്യപരിപാലനത്തിന്റെ സന്ദേശം സ്വന്തം പ്രവൃത്തിയിലൂടെ നൽകിയ ഡോക്ടറുടെ മാതൃക സഹപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രചോദനമായി. ഡോ. ആന്റണി പോളിന്റെ സേവനം ആശുപത്രിയുടെ ചികിത്സാ മികവിന് പുതിയ മാനങ്ങൾ നൽകുമെന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സി.ഇ.ഒ. ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു. ഓട്ടം ഈ ഗാസ്ട്രോ എന്ററോളജിസ്റ്റിന് പുത്തരിയല്ല. കഴിഞ്ഞ മാസം  ബെർലിൻ മാരത്തണിലും പങ്കെടുത്ത വ്യക്തിയാണ് ഇദ്ദേഹം.കൂടാതെ, 2018-ൽ ദുബായ് മാരത്തണിലും 2019-ൽ സ്പൈസ് കോസ്റ്റ് മാരത്തണിലും ഓടിയിട്ടുണ്ട് ഈ ഡോക്ടർ. എം.ബി.ബി.എസ്, എം.ഡി (ഇൻ്റേണൽ മെഡിസിൻ), ഡി.എം (ഗ്യാസ്ട്രോഎൻറോളജി) ബിരുദധാരിയായ ഡോ. ആന്റണി പോൾ  2020-ൽ എഫ്.ആർ.സി.പി. (FRCP) ബിരുദവും നേടിയിട്ടുണ്ട്.

error: Content is protected !!