ഇൻ്റേണ്‍ഷിപ്പ് കേരള പോര്‍ട്ടല്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം പാഠ്യപദ്ധതി പരിഷ്ക്കാരങ്ങളിലെ സുപ്രധാന നാഴികക്കല്ല്: ഡോ. ആര്‍ ബിന്ദു

നാലുവര്‍ഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്ക്കാരങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇൻ്റേണ്‍ഷിപ്പ് കേരള പോര്‍ട്ടലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും (കെ.എസ്.എച്ച്.ഇ.സി) കെല്‍ട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇൻ്റേണ്‍ഷിപ്പ് കേരള പോര്‍ട്ടലിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു.

സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെയും സർവ്വകലാശാലകളെയും വ്യവസായങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.  വിദ്യാര്‍ത്ഥികള്‍ക്ക് ഇൻ്റേണ്‍ഷിപ്പ് അവസരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈ പങ്കാളിത്തം വഴിയൊരുക്കും. ഉന്നതവിദ്യാഭ്യാസത്തിനും പ്രൊഫഷണല്‍ ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനും, നവീകരണം, നൈപുണ്യ വികസനം, സമഗ്ര വിദ്യാഭ്യാസം എന്നിവയോടുള്ള കേരളത്തിൻ്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഇൻ്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ നിലവില്‍ വന്നതിലൂടെ സാധ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ദേശീയ അന്തര്‍ദേശീയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനും, വിദ്യാര്‍ത്ഥികളുടെയും ഇൻ്റേണ്‍ഷിപ്പ് ഏജന്‍സികളുടെയും സംഗമസ്ഥാനമായി മാറാനും ഈ പോര്‍ട്ടലിന് സാധിക്കും. സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വികസന ഏജന്‍സികളെ സ്കില്‍ കോഴ്സുകള്‍ പ്രദാനം ചെയ്യാന്‍ എംപാനല്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

പഠനവേളയില്‍തന്നെ തൊഴിലാഭിമുഖ്യം വളര്‍ത്തുകയെന്നത് സുപ്രധാന ലക്ഷ്യമാണെന്നും നാലുവര്‍ഷ ബിരുദ പ്രോഗ്രാമില്‍ പ്രവേശനം നേടി നാലാം സെമസ്റ്ററിലേയ്ക്ക് കടക്കുമ്പോള്‍തന്നെ ഇത്തരത്തിലൊരു ഇൻ്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നത് അഭിമാനകരമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമികവും ഭരണപരവുമായ എല്ലാ ആവശ്യങ്ങളും സമന്വയിപ്പിക്കുന്ന കെ-റീപ് പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇൻ്റേണ്‍ഷിപ്പ് കേരള പോര്‍ട്ടലും നടപ്പിലാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കളുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി
ഡോ. ഷര്‍മിള മേരി ജോസഫ് ഐ.എ.എസ്, ഡോ. രാജന്‍ വറുഗീസ് (മെമ്പര്‍ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍), പ്രൊഫ. എം ജുനൈദ് ബുഷിരി (വൈസ് ചാന്‍സലര്‍, കൊച്ചിന്‍ സര്‍വ്വകലാശാല), റിട്ട. വൈസ് അഡ്മിറല്‍ ശ്രീ. ശ്രീകുമാര്‍ നായര്‍ (കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍), പ്രൊഫ. ജഗതിരാജ് വി.പി (വൈസ് ചാന്‍സലര്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല), ഡോ. രാജശ്രീ എം.എസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്ക്), ശ്രീ. രാജേഷ് എം (ജനറല്‍ മാനേജര്‍, കെല്‍ട്രോണ്‍), ശ്രീമതി. ഹസീന എം (ഫിനാന്‍സ് ഓഫീസര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍) തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സര്‍വ്വകലാശാലാ/ കോളേജ് അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

*****************************************

error: Content is protected !!