ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ടരക്കോടി രൂപയാണ് സംശയത്തിന്റെ അടിസ്ഥാനം. ധനകാര്യ സ്ഥാപനം പൂട്ടിയിട്ടും തന്ത്രി പണം നഷ്ടമായ കാര്യത്തിൽ പരാതി നൽകാത്തതാണ് ദുരൂഹത വർധിപ്പിച്ചത്. 2024 ൽ ഒറ്റത്തവണയായാണ് തന്ത്രി ഇത്രയും രൂപ നിക്ഷേപിച്ചത്. ആ പണം എവിടെ നിന്ന് ലഭിച്ചതെന്ന ചോദ്യത്തിന് ആദ്യഘട്ട ചോദ്യം ചെയ്യലിൽ തന്ത്രി മറുപടി പറഞ്ഞില്ല. അതിനാൽ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പൂട്ടിപ്പോയത്. വലിയ തുക നഷ്ടമായിട്ടും തന്ത്രിക്ക് പരാതി ഇല്ലാത്തത് എന്തുകൊണ്ടാണെന്നാണ് എസ്ഐടിയുടെ സംശയം. ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള ഇടപാടുകളും സ്വര്‍ണക്കൊള്ളയിലെ മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിനായാണ് തന്ത്രിയെ എസ്ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്.
തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ല എന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. കഴിഞ്ഞദിവസം പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കട്ടിള പാളി കേസിലാണ് തന്ത്രി ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ദ്വാരപാലക കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നു. അതിലും ജാമ്യപേക്ഷ സമർപ്പിച്ചേക്കും. ദേവസ്വം ബോർഡ് മുൻ മെമ്പർ എൻ.വിജയകുമാറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

