തിരുവനന്തപുരം :ആഗോള വന്‍കിട നിക്ഷേപകര്‍ കേരളത്തിലെ ആരോഗ്യരംഗത്ത് വലിയ മുതല്‍മുടക്ക് നടത്തുമ്പോഴും പ്രതിസന്ധിയിലായി ചെറുകിട, ഇടത്തരം ആശുപത്രികള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുറഞ്ഞ കിടക്കകളുള്ള ആയിരത്തോളം ചെറുകിട ആശുപത്രികളാണ് സംസ്ഥാനത്ത് പൂട്ടിയത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) നടത്തിയ അന്വേഷണത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങള്‍ പുറത്തുവന്നത്.
പ്രതിസന്ധി താങ്ങാനാകാതെ ചില ആശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍, മറ്റു ചിലത് വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രി ശൃംഖലകളുടെ ഭാഗമായി മാറി.
പൂട്ടലിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍:
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം :
നിയമത്തിലെ കടുപ്പമേറിയ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകാന്‍ സാമ്പത്തികമായി ചെറുകിട ആശുപത്രികള്‍ക്ക് സാധിക്കുന്നില്ല.
വന്‍കിടക്കാരുമായുള്ള മത്സരം:
അത്യാധുനിക സൗകര്യങ്ങളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ കടന്നുവരവോടെ, അവയോട് മത്സരിച്ച് പിടിച്ചുനില്ക്കാന് ചെറുകിട മേഖലയ്ക്ക് കഴിയാതെ വരുന്നു.
ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുടെ കുറവ്
ക്യാഷ്ലെസ് ഇന്‍ഷുറന്‍സ് സൗകര്യങ്ങളുള്ള ആശുപത്രികളുടെ പട്ടികയില്‍ ഭൂരിഭാഗം ചെറുകിട ആശുപത്രികളും ഉള്‍പ്പെടാത്തത് രോഗികള്‍ ഇവയെ കൈയൊഴിയാന്‍ കാരണമാകുന്നു.
ചെറുകിട ആശുപത്രികളെ സംരക്ഷിക്കുന്നതിനായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണമെന്നാണ് ഐഎംഎയുടെ ആവശ്യം.
വിദേശ നിക്ഷേപകരുടെ വരവ്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദേശം 7,500 കോടിയിലധികം രൂപയുടെ വിദേശ നിക്ഷേപമാണ് കേരളത്തിലെ ആശുപത്രി മേഖലയിലേക്ക് ഒഴുകിയെത്തിയത്. ഉയര്‍ന്ന സാക്ഷരത, മികച്ച ഇന്‍ഷുറന്‍സ് കവറേജ്, ജീവിതശൈലീ രോഗങ്ങളുടെ വര്‍ധന, മികച്ച മെഡിക്കല്‍ ടൂറിസം സാധ്യതകള്‍ എന്നിവയാണ് വമ്പന്‍ ആഗോള നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.
ഈ ആഗോള നിക്ഷേപങ്ങള്‍ കേരളത്തിലെ ആശുപത്രികളില്‍ റോബോട്ടിക് സര്‍ജറി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും കൊണ്ടുവരാന്‍ സഹായിക്കുന്നുണ്ടെങ്കിലും ചികിത്സാ ചെലവ് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്ക ശക്തമാണ്.

