ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി

തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര. ക്ഷേത്രത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് ക്ഷേത്രത്തിന്റെ ചിത്രമടങ്ങിയ സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി.

കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പാഞ്ചജന്യം നെൽപ്പുരയിൽ നടന്ന ചടങ്ങിൽ തപാൽ മുദ്രയുടെയും പ്രീമിയം തപാൽ കവറിന്റെയും പ്രകാശനം നിർവഹിച്ചു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ തപാൽ വകുപ്പ് ഈ പ്രത്യേക സംരംഭം ഒരുക്കിയത്. ക്ഷേത്രത്തിന്റെ സവിശേഷമായ വാസ്തുശിൽപ്പവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് തപാൽ മുദ്രയും പ്രീമിയം കവറും പുറത്തിറക്കിയിരിക്കുന്നത്.

ലോകപ്രശസ്തമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിലും ഈ തപാൽ മുദ്രയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. തപാൽ ശേഖരകരെയും ചരിത്ര-പൈതൃക പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന അപൂർവ സ്മരണികയായും ഇത് മാറും.

അനന്തപുരിയുടെ സാംസ്കാരിക അടയാളങ്ങളിലൊന്നായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ലഭിച്ച ഈ അംഗീകാരം കേരളത്തിന്റെ പൈതൃകത്തിനും അഭിമാനകരമായ നേട്ടമാണ്.

error: Content is protected !!