Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പഞ്ചാബ് നാഷണൽ ബാങ്കിൽ ‘മണി ഹെയ്സ്റ്റ്’ മോഡൽ കൊള്ള; ₹7.40 കോടിയുടെ യഥാർഥ നോട്ടുകൾ മാറ്റി കള്ളനോട്ടുകൾ വച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി കള്ളനോട്ടുകൾ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലെ പ്രശസ്ത വെബ് സീരീസായ ‘മണി ഹെയ്സ്റ്റ്’ ഓർമിപ്പിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം.

ബാങ്കിന്റെ കറൻസി ചെസ്റ്റിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് (RBI) അയച്ച പണവും ബാങ്കിലെ രേഖകളും തമ്മിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 10, 11 തീയതികളിൽ അയച്ച പണത്തിൽ ₹4.36 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് സർക്കിൾ ഓഫിസിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കറൻസി ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന ₹7.40 കോടി രൂപയുടെ യഥാർഥ നോട്ടുകൾ മാറ്റി പകരം വ്യാജ നോട്ടുകൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

ബാങ്ക് ചീഫ് മാനേജർ നിഷ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹാറൻപൂർ എസ്‌എസ്‌പി അഭിനന്ദന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിലെ പണമിടപാടുകളുടെ രേഖകൾ, പണം കൈമാറിയ നടപടിക്രമങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

നോട്ടുകൾ എണ്ണുന്നതിലും പാക്ക് ചെയ്യുന്നതിലും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ രവി കുമാർ, കറൻസി ചെസ്റ്റ് മാനേജർമാരായ സുശീൽ ശർമ, അമിത് കുമാർ എന്നിവരടക്കം നാല് ബാങ്ക് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പണക്കുറവുമായി ബന്ധപ്പെട്ട് വിശാൽ കുമാർ എന്ന ജീവനക്കാരനെതിരെയും പ്രത്യേകമായി കേസെടുത്തിട്ടുണ്ട്.

കറൻസി ചെസ്റ്റിൽ നിന്ന് കണ്ടെത്തിയ വ്യാജനോട്ടുകൾ ഇടപാടുകാർക്കോ മറ്റ് ബാങ്ക് ശാഖകളിലേക്കോ വിതരണം ചെയ്തിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

എന്നാൽ, കർശന സുരക്ഷാ സംവിധാനങ്ങളുള്ള ബാങ്കിന്റെ കറൻസി ചെസ്റ്റിനുള്ളിൽ ഇത്രയും വലിയ തോതിൽ വ്യാജനോട്ടുകൾ എങ്ങനെ എത്തി, യഥാർഥ നോട്ടുകൾ എങ്ങനെ മാറ്റി എന്നതാണ് അന്വേഷണത്തിലെ പ്രധാന ചോദ്യങ്ങൾ. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!