ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൻമേൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. സെബി അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം.
ഹിൻഡൻബർഗ് വിവാദത്തിലെ വിവിധ ഹർജികളിലാണ് ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും അറിയിച്ചിരുന്നു.