മങ്ങാട്ടുകോണം നവീകരിച്ച ലക്ഷംവീട് കോളനി ഉദ്ഘാടനവും പൊതുപഠനമുറി നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു

തിരുവനന്തപുരം നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടായിക്കോണം വാര്‍ഡില്‍ നവീകരിച്ച ലക്ഷംവീട് കോളനിയുടെ ഉദ്ഘാടനവും പൊതുപഠനമുറി നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു. കാട്ടായിക്കോണം മങ്ങാട്ടുകോണം പ്രദേശത്ത് ലക്ഷംവീട് കോളനി സ്ഥിതി ചെയ്യുന്ന 17 വീടുകള്‍ അങ്കണവാടി എന്നിവയാണ് ഈ പദ്ധതിയിലൂടെ നവീകരിച്ചത്. ഒരു വീടിനാവശ്യമായ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, ഫ്‌ളോറിങ്, പെയിന്റിംഗ് തുടങ്ങി എല്ലാവിധ മെയിന്റനന്‍സ് പ്രവര്‍ത്തികളും ഈ പദ്ധതിയിലൂടെ നടപ്പിലാക്കി. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ താമസിച്ചുവന്നിരുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കുന്നതിന് ഈ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

എല്ലാ കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കുകയെന്ന സര്‍ക്കാരിന്റെയും നഗരസഭയുടെയും പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി മങ്ങാട്ടുകോണം ലക്ഷംവീട് കോളനിയിലെയും പരിസരത്തെയും കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ഒരു പൊതുപഠനമുറിയാണ് വിഭാവനം ചെയ്യുന്നത്. പഠനോപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, ഡിജിറ്റല്‍ ലൈബ്രറി, ലൈബ്രറി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും നഗരസഭ ഒരുക്കുന്നതാണ്.

നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ എസ്. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഴക്കൂട്ടം എം.എല്‍.എ ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കാട്ടായിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ഡി.രമേശന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്ഥിരം സമിതി അംഗങ്ങളായ മേടയില്‍ വിക്രമന്‍, ശരണ്യ.എസ്.എസ്, എല്‍.ഡി.എഫ് നഗരസഭ കക്ഷിനേതാവ് ഡി.ആര്‍.അനില്‍, ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ എം.ബിനു, മുന്‍കൗണ്‍സിലറും സി.ഡി.എസ് ചെയര്‍പേഴ്‌സണുമായ ശ്രീമതി. സിന്ധുശശി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സജീഷ്.ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

error: Content is protected !!