സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം
എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്നും ഓരോരുത്തരും ഇതിൻ്റെ അംബാസഡർമാരാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ പ്രധാനപ്പെട്ട ഒരു ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രസക്തിയുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കുന്ന ഒരു കാലയളവാണിത്. നമ്മുടെ വ്യക്തി ശുചിത്വവും പരിസര ശുചിത്വം, ജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്. ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് ഓരോരുത്തരും എല്ലായിപ്പോഴും പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്. വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിർജലീകരണം സംഭവിച്ച് മരണം തന്നെ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. അതിനെ അതിജീവിക്കുന്നതിന് കൃത്യമായി രോഗിയ്ക്ക് ഒ.ആർ.എസ്. നൽകേണ്ടത് അനിവാര്യമാണ്.
ജൂലൈ മാസം 29 നാണ് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് ആരോഗ്യ വകുപ്പ് വലിയൊരു ക്യാമ്പയിന് തുടക്കമിട്ടത്. സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ 2024. ഈ വലിയ ജനകീയ പ്രചരണ പരിപാടിയിലൂടെ വയറിളക്ക രോഗങ്ങളുടെ രോഗപ്രതിരോധം, നിയന്ത്രണം അതോടൊപ്പം തന്നെ ബോധവൽക്കരണം എന്നിവയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു കെ. വിശിഷ്ടാതിഥിയായി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി.മീനാക്ഷി സ്വാഗതവും സ്റ്റേറ്റ് ഒ.ആർ.ടി. ഓഫീസർ ഡോ. ബിനോയ് എസ്. ബാബു നന്ദിയും പറഞ്ഞു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. ഷീജ എ.എൽ., ഡോ. അജിത വി. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവൻ, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ. അജയ് എന്നിവർ ആശംസകൾ അർപ്പിച്ചു.