സീനിയർ വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ അസമിനെതിരെ കേരളത്തിന് വിജയം

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ്ല സി.എം. സി യുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണർമാരായ ദൃശ്യ 15ഉം ഷാനി 20ഉം റൺസെടുത്ത് പുറത്തായി. എന്നാൽ മൂന്നാമതായി ബാറ്റ് ചെയ്യാനെത്തിയ നജ്ലയുടെ പ്രകടനം കേരള ഇന്നിങ്സിന് കരുത്തായി. ഒരറ്റത്ത് നജ്ല ഉറച്ച് നിന്നപ്പോഴും മറുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണത് കേരളത്തിന് തിരിച്ചടിയായി. ഏഴാം വിക്കറ്റിൽ നജ്ലയും സായൂജ്യയും ചേർന്ന് നേടിയ 75 റൺസാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സായൂജ്യ 22 റൺസെടുത്തു. അസമിന് വേണ്ടി നിരുപമയും മോണിക്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിൻ്റെ മുൻനിരയെ തകർത്തെറിഞ്ഞ് ബൌളർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. സ്കോർ അൻപതിലെത്തും മുൻപെ തന്നെ അസമിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. പിന്നീടൊരു തിരിച്ചുവരവിന് അസം ബാറ്റർമാർക്കായില്ല. 37-ാം ഓവറിൽ 113 റൺസിന് അസം ഓൾഔട്ടായി. 22 റൺസെടുത്ത രഷ്മി ദേയാണ് അസമിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മൃദുല, ദർശന, ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസ് നേടിയ നജ്ല യാണ് പ്ലയര്‍ ഓഫ് ദി മാച്ച്.

error: Content is protected !!