29-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ കൗതുകക്കാഴ്ചയായി മിനിയേച്ചർ ക്യാമറ പ്രദർശനവും വില്പനയും. ഏറെക്കാലം സിനിമകളിലെ കലാസംവിധാന മേഖലയിൽ സഹായിയായി പ്രവർത്തിച്ച് പരിചയസമ്പന്നനായ മോഹനൻ നെയ്യാറ്റിൻകരയാണ് കുഞ്ഞൻ ക്യാമറകളുടെ നിർമാണത്തിന് പിന്നിൽ. പാനാവിഷൻ SPSR, മിച്ചെൽ NC239, ആരിഫ്ലെക്സ് 35 II B എന്നീ പഴയകാല ക്യാമറകളുടെ മാതൃകയിലാണ് മിനിയേച്ചർ ക്യാമറകൾ ഒരുക്കിയിരിക്കുന്നത് .
കോവിഡ് കാലത്തെ വിരസതയിലാണ് മിനിയേച്ചർ ക്യാമറകളുണ്ടാക്കുകയെന്ന ആശയത്തിലേക്ക് എത്തിച്ചേർന്നതെന്ന് മോഹനൻ നെയ്യാറ്റിൻകര പറഞ്ഞു.അങ്ങേയറ്റം ശ്രദ്ധയോടെ തേക്കിൻ തടിയിൽ ഒരു ചെറുക്യാമറ നിർമ്മിക്കാൻ 2 ദിവസമെങ്കിലുമെടുക്കും. ആയിരം രൂപ നിരക്കിലാണ് ക്യാമറകൾ വിൽക്കുന്നത്. എന്നാൽ വിൽപനയ്ക്കപ്പുറം സിനിമയോടും,കലയോടുമുള്ള അഭിനിവേശമാണ് ഈ കലാസൃഷ്ടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ടാഗോർ തിയേറ്റർ പരിസരത്തൊരുക്കിയ പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്. വരും വർഷങ്ങളിലും ഐ എഫ് എഫ് കെയിൽ പുതുമയാർന്ന കൂടുതൽ മിനിയേച്ചറുകൾ പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് മോഹനൻ നെയ്യാറ്റിൻകര.